തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് സ്വയം കുഴിതോണ്ടിയ കോണ്‍ഗ്രസ് ഭരണത്തിനുശേഷം പ്രതീക്ഷയോടെയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി അധികാരത്തിലെത്തിയത്. നാലുമാസം കഴിയുമ്പോഴേക്കും പാര്‍ട്ടിയും വിജയനും വിശ്വരൂപം കാണിക്കുകയാണോ? കണ്ണൂര്‍ എം പി പി കെ ശ്രീമതിയുടെ മകനും തട്ടിപ്പുകേസിലെ ആരോപണ വിധേയനുമായ സുധീര്‍ നമ്പ്യാരെ സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചതായ റിപ്പോര്‍ട്ടാണ് ഈ സംശയം ഉയര്‍ത്തുന്നത്.
വ്യവസായമന്ത്രി ഇപി ജയരാജന്റെ ഭാര്യ സഹോദരിയാണു പികെ ശ്രീമതി. അതുകൊണ്ടുതന്നെ സ്വജനപക്ഷമാതമാണ് നിയമനത്തിന് പിന്നിലെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വിവാദം തുടങ്ങിക്കഴിഞ്ഞു. പ്രസ്തുത സ്ഥാനം വഹിക്കാനുള്ള യോഗ്യത സുധീറിനില്ലെന്നും മന്ത്രിയുടെ ബന്ധുവായതാണ് യോഗ്യതയെന്നും വിമര്‍ശകര്‍ പറയുന്നു. വിഷയത്തില്‍ മന്ത്രിയോ സര്‍ക്കാരോ വിശദീകരണം നല്‍കിയിട്ടില്ല.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ കോംപ്ലാക്‌സുകളുടെ നടത്തിപ്പു ചുമതല വഹിക്കുന്ന സ്ഥാപനമാണ് കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍്രൈപസസ് ലിമിറ്റഡ്. നേരത്തെ തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ വ്യക്തിയാണ് സുധീര്‍. പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ളയാളാണെങ്കിലും യാതൊരുവിധ പാര്‍ട്ടി പ്രവര്‍ത്തനവും സുധീര്‍ നടത്തിയിട്ടില്ല. സൈന്യത്തില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് പ്രീ റിക്രൂട്ട്‌മെന്റ് പരിശീലനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 14,96,000 രൂപ തട്ടിയെടുത്തെന്ന് സുധീറിനെതിരെ ആരോപണമുണ്ടായിരുന്നു. 136 പേരില്‍ നിന്നായി സുധീറും ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയും കൂടി പണം തട്ടിയെടുത്തെന്നായിരുന്നു പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here