എൺപത്തിയൊന്നു വയസുള്ള രോഗിയുടെ മരണവുമായി ബന്ധപ്പെട്ടു  രണ്ടു മലയാളി നേഴ്‌സുമാര്‍ക്ക് എതിരെ പോലീസ് എടുത്ത കേസിൽ മലയാളി സമൂഹം അവർക്കു വേണ്ട നിയമസഹായവും, ആത്മബലവും നൽകാൻ തയാറായി മുന്നോട്ടു വന്ന എല്ലാ നല്ലവരായ വ്യക്തികളെയും കേരളാ ടൈംസ് അഭിനന്ദിക്കുന്നു.

പ്വെന്റിലേറ്ററില്‍ കഴിയുന്ന 81 വയസുള്ള രോഗിക്ക് പരിചരണം എത്തിക്കാന്‍ ഒന്‍പതു മിനിട്ട് വൈകിയെന്നാരോപിച്ച് ആണ് മലയാളികളായ രണ്ടു നഴ്‌സുമാരെയും ഒരു നേഴ്‌സിംഗ് എയ്ഡിനെയും രണ്ടു ദിവസം മുൻപേ അറസ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചത്. വെന്റിലേറ്ററിലെ അലാറം അടിച്ചാല്‍ ഉടന്‍ എത്തേണ്ടതിനു പകരം മൂവരും ഒന്‍പതു മിനിട്ട് വൈകുകയും ഇതു മൂലം ഓക്‌സിജന്‍ കിട്ടാതെ അവശ നിലയിലായ രോഗിയെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പിറ്റേന്നു മരിക്കുകയൂം ചെയ്തു. ഇതാണ് കേസിനു ആസ്പദമായ സംഭവം. നാസോ കൗണ്ടി ഫസ്റ്റ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരും കുറ്റം നിഷേധിച്ചു. വ്യവസ്ഥകളൊന്നുമില്ലാതെ ഇവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

നിസഹായയായ  ഒരു വ്രുദ്ധയുടെ ജീവനു അപകടാവസ്ഥയുണ്ടാക്കി (ക്ലാസ് ഡി ഫെലണി), ഹെല്‍ത്ത് നിയമങ്ങള്‍ മനപൂര്‍വം പാലിക്കാതിരുന്നു (മിസ്‌ഡെമീനര്‍) എന്നിവയാണ് ചാര്‍ജുകള്‍. കഴിഞ്ഞ വര്‍ഷം ഡിസ്മബര്‍ 20-നു ലോംഗ് ഐലന്‍ഡ് യൂണിയന്‍ഡേലിലെ എ. ഹോളി പാറ്റേഴ്‌സന്‍ എക്സ്റ്റന്‍ഡഡ് കെയര്‍ ഫെസിലിറ്റിയില്‍ വച്ചാണു സംഭവം. ഇരുവരും ഇപ്പോള്‍ അവിടെ ജോലി ചെയ്യുന്നില്ല എങ്കിലും ഈ രാജ്യത്തെ നിയമങ്ങളെ അംഗീകരിക്കുന്നു എങ്കിലും ഈ കേസിൽ നിന്നും നമ്മുടെ സഹോദരിമാർ രക്ഷപെടേണ്ടതുണ്ട്, അതിന് നമുക്ക് അമേരിക്കൻ മലയാളി സമൂഹത്തിനു വേണ്ടത് ചെയ്തു നല്കാൻ സാധിക്കണം.

രോഗികള്‍ക്ക് ആശ്വാസം പകരുകയും, കൃത്യസമയത്തുള്ള പരിചരണത്തിലൂടെ മരണത്തിന്റെ പിടിയില്‍ നിന്നു വരെ രോഗികളെ രക്ഷപെടുത്തി ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുകയും ചെയ്യുന്ന മാലാഖമാരാണ്‌ നഴ്സുമാര്‍. ഈ ജോലിയിൽ ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നവരാണ് മലയാളി നേഴ്സ്‌മാർ എന്ന കാര്യം നമുക്ക് നിസംശയം പറയാം. മലയാളി കുടിയേറ്റ ചരിത്രത്തിൽ അമേരിക്കൻ മലയാളി നേഴ്സ്‌മാർ വഹിക്കുന്ന പങ്ക്, നമ്മുടെ കുടുംബങ്ങൾക്ക് ഉണ്ടായ പുരോഗതികൾ ഇവയൊക്കെ വിലയിരുത്തുമ്പോൾ വിളക്കേന്തിയ വനിതയായ, കാരുണ്യത്തിന്റെ മനുഷ്യരൂപമായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ പിന്‍ഗാമികള്‍ ആയ ഈ മൂവർക്കും നീതി കിട്ടുവാൻ മലയാളി സമൂഹം ഉടൻ എല്ലാ സഹായവും കരുത്തും അവർക്കു പ്രദാനം ചെയ്യണം. ഇക്കാര്യത്തിൽ മാധ്യമങ്ങളും വേണ്ടത് ചെയ്യണം. ഇവിടെ ലോജിക്കിന് പ്രാധാന്യം ഇല്ല.

വർഷങ്ങൾ ആയി ജോലി ചെയുന്ന മുന്ന് പേർ, അവരുടെ കരിയറിൽ ഇത് ആദ്യത്തെ സംഭവം സർവീസിൽ നല്ല റിക്കാർഡുകൾക്ക് ഉടമ, ഇങ്ങനെ ഉള്ളവർക്ക്  ഒരു കൈയബദ്ധം മനപ്പൂർവം സംഭവിക്കില്ല. അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന മറ്റൊരു രോഗിയെ പരിചരിക്കുന്ന അവസരത്തിലാണ് ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഇവർക്ക് നീതി ലഭിക്കണം. അതിനായി നമുക്ക് ഒരുമിച്ചു അണിനിരക്കണം, കാരണം ഇത് മലയാളി സമൂഹത്തെ ബാധിക്കുന്ന ഒരു ഇഷ്യു കൂടിയാണ്.

നഴ്‌സാണ് എന്നു പറയുന്നത് ആദ്യകാലത്ത് അത്ര നല്ല ജോലിയായല്ല പൊതുജനം കണ്ടിരുന്നത്. മലയാളികളുടെ ഹീനമായ മുന്‍വിധികളായിരുന്നു ഇതിനു കാരണം. പുരുഷന്മാരെ തൊട്ടുപരിചരിക്കേണ്ടിവരുന്നത്, മിക്കവാറും രാത്രി ജോലിയും, ജോലിക്കുള്ള പ്രത്യേക സ്വഭാവവും, നല്ല ജീവിതനിലവാരത്തോട് നാട്ടുകാര്‍ക്കുണ്ടായ അസൂയയും ചേര്‍ന്നപ്പോഴാണ് ഈ കാഴ്ചപ്പാട് രൂപപ്പെട്ടത്. എങ്കിലും, നഴ്‌സിംഗ് പോലെ മലയാളി സ്ത്രീകള്‍ക്ക് ഇത്ര ആത്മവിശ്വാസം നല്‍കിയ മറ്റൊരു ജോലിയുണ്ടോയെന്നും സംശയമാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് കിട്ടിയ ആദ്യത്തെ തൊഴിലുറപ്പുപദ്ധതിയായിരുന്നു നഴ്‌സിംഗ്. ജോലിയാവശ്യത്തിന് വിദേശത്തേക്കുള്ള കുടിയേറ്റം പോലും തുടക്കമിട്ടതും നഴ്‌സുമാരിലൂടെയാണ്. പിന്നീട് പലരും നഴ്സുമാര്‍ ബന്ധുക്കളായി വിദേശത്തുണ്ടെന്ന് അഭിമാനത്തോടെ പറയാന്‍ തുടങ്ങി. ഈ കുടിയേറ്റം ആണ് നമ്മുടെയൊക്കെ പല കുടുംബങ്ങളുടെയും ശക്തി. നമ്മുടെ തൊണ്ണൂറു ശതമാനം കുടുംബത്തിന്റെയും ആത്മബലം ഈ വിളക്കേന്തിയ വനിതയെന്ന് അറിയപ്പെടുന്ന ഫ്‌ളോറൻസ് നൈറ്റിംഗേൽ തന്നെയാണ്. ആ തിരിച്ചറിവ് മാത്രം മതി നമുക്ക് ഇവർക്കൊപ്പം നില്ക്കാൻ ഉള്ള പ്രചോദനം, എല്ലാവരും ഈ യത്നത്തിൽ ഒത്തു ചേരുക.

2 COMMENTS

  1. Best regards and support the need of our unity .Let the nurses associations or some national organisations start a movement.

LEAVE A REPLY

Please enter your comment!
Please enter your name here