സ്ലീവ്‌ലെസ് വസ്ത്രം ധരിച്ച ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് മതമൗലിക വാദികള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയെ ‘മര്യാദ’ പഠിപ്പിക്കാനിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. വസ്ത്രധാരണം അനിസ്ലാമികമാണെന്ന വിമര്‍ശകരുടെ വാദത്തെ തള്ളിക്കളഞ്ഞ മുഹമ്മദ് ഷാമിക്ക് പിന്തുണയുമായി ഷാമിയുടെ പിതാവും നാട്ടുകാരും രംഗത്തെത്തിയിരുന്നു.

ഏറ്റവുമൊടുവില്‍ വ്യായാമത്തിന്റെ ഭാഗമായി സുര്യനമസ്‌കാരം ചെയ്തതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുന്‍ ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ മുഹമ്മദ് കൈഫിനും മതവാദികളുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ‘സൂര്യനമസ്‌കാരം ഇസ്ലാമിക സംസ്‌കാരത്തിന് തീര്‍ത്തും വിരുദ്ധമല്ലേ. എന്തിനാണ് താങ്കള്‍ വിവാദമുണ്ടാക്കുന്ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത്’, ‘സൂര്യനമസ്‌കാരം ഇസ്ലാമില്‍ 100 ശതമാനവും തെറ്റാണ്. നമ്മള്‍ അള്ളാഹുവിനെയല്ലാതെ ആരെയും വണങ്ങരുതെന്നത് ഈമാന്റെ ഭാഗമാണ്’, ‘വിശുദ്ധ ഗ്രന്ഥം വായിക്കുന്ന ചിത്രങ്ങള്‍ താങ്കള്‍ എപ്പോഴെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ’ എന്നിങ്ങനെയുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ മതവാദികള്‍ ഇട്ടിട്ടുള്ളത്.

വിമര്‍ശനത്തിന് മറുപടിയുമായി രംഗത്തുവന്ന കൈഫ് താന്‍ സൂര്യനമസ്‌കാരം ചെയ്യുമ്പോള്‍ മനസില്‍ അള്ളാഹു ഉണ്ടായിരുന്നെന്ന് ട്വീറ്റ് ചെയ്തു. വ്യായാമ മുറകള്‍ ചെയ്യുന്നതിന് മതവുമായി ബന്ധമില്ലെന്നും മതവിശ്വാസികള്‍ക്കും അവ ചെയ്യാമെന്നും എല്ലാവര്‍ക്കും അവ ഉപകാരപ്രദവുമാണെന്നും കൈഫ് പറഞ്ഞു. മുഹമ്മദ് ഷാമിയ്ക്ക് പിന്തുണയുമായി ആദ്യം രംഗത്തുവന്നവരില്‍ ഒരാള്‍ കൈഫായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here