സന്തോഷ് ട്രോഫിക്കുള്ള കേരള ടീം പരിശീലനമാരംഭിച്ചു. കോച്ച് വി.പി ഷാജിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടെത്തി പരിശീനത്തിനിറങ്ങിയ 20 അംഗ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. മുന്നേറ്റ നിരക്ക് ശക്തി പകരാന്‍ യുവ താരങ്ങളെയും കളി നിയന്ത്രിക്കുന്നതിനു പരിചയ സമ്പത്തുള്ള താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് ടീമിനെ ഒരുക്കിയിട്ടുള്ളത്. ടീമിലെ 16 പേര്‍ 23 വയസിനു താഴെയുള്ളവരാണ്. 11 പേര്‍ പുതുമുഖങ്ങളുമാണ്.
 നിലവില്‍ ടീമിന്റെ പ്രകടനത്തില്‍ തൃപ്തനാണെന്നും മത്സരത്തില്‍ യോഗ്യത നേടനാകുമെന്നാണ് പ്രതീക്ഷയെന്നും ഷാജി പറഞ്ഞു. കേരളത്തില്‍ കളി ലഭിച്ചത് ടീമിനുനല്ലതാണെന്നും കാലാവസ്ഥ പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.  നജേഷ്, രാഹുല്‍, ലിജോ, ശ്രീരാഗ്, നൗഷാദ് എന്നിവരടങ്ങുന്ന പ്രതിരോധം പരിചയ സമ്പന്നരായ സംഘമാണ്. മധ്യ നിരയില്‍ നിന്നു കൂടുതല്‍ കളികളുണ്ടായാല്‍ മികച്ച ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കോച്ച് പറഞ്ഞു. ഗ്രൂപ്പ് എയില്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവര്‍ക്കൊപ്പമാണ് കേരളമുള്ളത്. എല്ലാ സംസ്ഥാനത്തെയും പ്രതിനിധീകരിക്കുന്നതു അധികവും പുതുമുഖ താരങ്ങളായതിനാല്‍ ഒരു ടീമിനെക്കുറിച്ചും കൂടുതല്‍ പഠിക്കാനായിട്ടില്ല. ഒരു ടീമിന്റെ പ്രകടനത്തെയും  വിലകുറച്ചു കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൗണ്ടുകളുടെ ലഭ്യത കൂടി പരിഗണിച്ചായിരിക്കും പരിശീലനമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തു നിന്നു ഇന്നലെ കോഴിക്കോട്ടെത്തിയ ടീം വൈകിട്ട് നാലിനു പരിശീലനത്തിനിറങ്ങി. പരീശീലനം ഏതു ഗ്രൗണ്ടില്‍ നടക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യം അധികൃതരുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ തീരുമാനമാകു. ടീമിനു പരിശീലന മത്സരം കളിക്കുന്നതിനായി എതിര്‍ ടീമിനെയും ഇതുവരെ ലഭിച്ചിട്ടില്ല.
കണ്ണൂരിലുള്ള ആര്‍മി ടീമുമായി സന്നാഹ മത്സരം നടത്താനും ശ്രമിക്കുന്നുണ്ട്. എസ്.ബി.ടി, കേരളാ പൊലിസ്, എം.ആര്‍.സി വെല്ലിങ്ടണ്‍ ടീമുകളുമായി കളിച്ച പരിശീലന മത്സരങ്ങളിലെല്ലാം വിജയിക്കാനായത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here