ഇസ്‌ലാമാബാദ്∙ മുംബൈ ഭീകരാക്രമണക്കേസിലെ പാക്ക് വിചാരണയ്ക്ക് കൂടുതൽ തെളിവുകൾ ഇന്ത്യ കൈമാറണമെന്ന് പാക്ക് സുരക്ഷ ഉപദേഷ്ടാവ് സർതാജ് അസീസ് ആവശ്യപ്പെട്ടു. ലഖ്‌വിയുടെ ശബ്ദ സാംപിൾ എടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഹർജി സമർപ്പിക്കില്ലെന്ന് പാക്ക് സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയാണ് സർതാജ് അസീസിന്റെ പ്രസ്താവന.

കശ്മീർ പ്രശ്നം ചർച്ച ചെയ്യുന്നതിന് തയാറായില്ലെങ്കിൽ ഇന്ത്യയുമായി വേറൊരു കൂടിക്കാഴ്ചയ്ക്കും തയാറാകില്ല. നേരത്തെ ഉന്നയിച്ചിരിക്കുന്ന നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്നും അസീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിൽ നടന്നത് അനൗദ്യോഗിക ചർച്ചയാണ്. യാതൊരു കരാറുകളിലും ഇരുവരും ഒപ്പുവച്ചിട്ടില്ലെന്നും അസീസ് പറഞ്ഞു.

അതേസയം, ഇന്ത്യയിലെ ജനങ്ങളെ വിഡ്ഢികളാക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്‍വാൾ നികം അഭിപ്രായപ്പെട്ടു. ലഖ്‍വിയുടെ ശബ്ദ സാംപിൾ എടുക്കാൻ അവർ മടിക്കുന്നത് എന്തിനാണ്. 2013 ൽ പാക്കിസ്ഥാനിൽ നടപ്പാക്കിയ നിയമത്തിൽ ഭീകരരുടെ ശബ് സാംപിൾ എടുക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. പിന്നെയെന്താണ് വേറെ പ്രശ്നം. ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ലഖ്‍വിയുടെ ശബ്ദ സാംപിൾ എടുക്കാൻ പാക്കിസ്ഥാന് താൽപര്യമില്ലെന്നുള്ളതാണെന്നും ഉജ്ജ്‍വാൾ നികം വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സക്കിയൂർ റഹ്മാൻ ലഖ്‌വി ശബ്ദ സാംപിൾ നൽകില്ലെന്ന് അയാളുടെ അഭിഭാഷകൻ റിസ്‌വാൻ അബ്ബാസി ഇന്നലെ പറഞ്ഞിരുന്നു. ശബ്ദ സാംപിൾ നൽകാൻ തന്റെ കക്ഷി മുൻപും എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ മാറ്റമുണ്ടാകില്ല.പാക്കിസ്ഥാനിലെ നിയമപ്രകാരം ഇക്കാര്യത്തിൽ പ്രതിയെ നിർബന്ധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here