പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലായിരിക്കുമെന്നു വിലയിരുത്തല്‍. ആംആദ്മി പാര്‍ട്ടി വിജയിച്ചാല്‍ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാളെത്തിയേക്കുമെന്ന ഊഹാപോഹങ്ങളും ശക്തമാണ്. ഇതു ശരിവെയ്ക്കുന്ന
പരാമര്‍ശമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നടത്തിയത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്രിവാള്‍ ആണെന്നു കരുതി വോട്ട് ചെയ്യാനാണ് മനീഷ് സിസോദിയയുടെ ആഹ്വാനം .മൊഹാലിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സിസോദിയ ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ തീരുമാനിക്കുമെന്നായിരുന്നു കഴിഞ്ഞദിവസം അരവിന്ദ് കെജ്രിവാള്‍ മാധ്യമങ്ങളോടു പറഞ്ഞത്. പഞ്ചാബില്‍ ആപ്പിന്റെ പ്രചരണത്തിനു ചുക്കാന്‍ പിടിക്കുന്നതും കെജ്രിവാളാണ്.

പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത ഡല്‍ഹിയില്‍ കെജ്രിവാള്‍ സര്‍ക്കാരിനു പരിമിതികള്‍ ഏറെയാണ്. സര്‍ക്കാരെടുക്കുന്ന തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നോമിനിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകരിച്ചിരുന്നില്ല. സര്‍ക്കാരും ലെഫ്. ഗവര്‍ണറും തമ്മിലുള്ള പോര് മറനീക്കി പുറത്തുവരികയും നജീബ് ജങ് ലെഫ്. ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രിയായാല്‍ കെജ്രിവാള്‍ കൂടുതല്‍ ശക്തനാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ നാലു ലോക്‌സഭാ സീറ്റുകളില്‍ ആപ്പ് വിജയിച്ചിരുന്നു. കെജ്രിവാള്‍ തട്ടകം പഞ്ചാബിലേക്കു മാറ്റിയാല്‍ സിസോദിയ ആയിരിക്കും ഡല്‍ഹി മുഖ്യമന്ത്രിയാകുക.

മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണത്തില്‍ മുന്നിലാണ്. ഇന്ത്യാ ടുഡേ-സീവോട്ടര്‍ സര്‍വ്വേയില്‍ ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനു പിന്നില്‍ രണ്ടാം സ്ഥാനത്തത്തുമെന്നും 36 മുതല്‍ 41 സീറ്റുവരെ നേടുമെന്നുമായിരുന്നു പ്രവചനം. 117 നിയമസഭാ സീറ്റുകളിലേക്കാണ് ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ 72 സീറ്റുകളാണ് അകാലിദള്‍- ബിജെപി സഖ്യത്തിന് പഞ്ചാബിലുള്ളത്. കോണ്‍ഗ്രസിന് 42 സീറ്റും സ്വതന്ത്രര്‍ക്ക് മൂന്ന് സീറ്റുമാണുള്ളത്.

തുടര്‍ച്ചയായി രണ്ടു തവണ പഞ്ചാബ് ഭരണം പിടിച്ച അകാലിദള്‍- ബിജെപി സഖ്യം ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പുറത്തുവന്ന സര്‍വ്വേകളിലെ സൂചന. നിലവിലെ മുഖ്യമന്ത്രിയായ 89-കാരനായ പ്രകാശ് സിങ് ബാദലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ്ങിനെയാണ് അകാലിദള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.

അമരീന്ദര്‍ സിങ്ങാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിക്കു അമരീന്ദര്‍ സിങ്ങിനോടുള്ള താത്പര്യക്കുറവാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിന് കാരണം. ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ മുന്‍ ക്രിക്കറ്റ് താരം നവജ്യേത് സിങ് സിദ്ദുവിന്റെ പേരും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പറഞ്ഞുകേള്‍ക്കുന്നു.

ബിജെപി വിട്ട സിദ്ദു അരവിന്ദ് കെജ്രിവാളുമായി മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനമാണ് കെജ്രിവാള്‍ സിദ്ദുവിന് വാഗ്ദാനം ചെയ്തത്. ഇതില്‍ അതൃപ്തനായ സിദ്ദു കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആപ്പ് കെജ്രിവാളിനെ പരിഗണിക്കുന്നതിനാലാണ് സിദ്ദുവിന് ആ സ്ഥാനം നല്‍കാത്തതെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. പഞ്ചാബിന് പുറമെ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും ആംആദ്മി പാര്‍ട്ടിയ്ക്ക് ഏറെ സ്വാധീനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here