മട്ടന്‍ ടൗണ്‍ (ന്യൂയോര്‍ക്ക്‌): മലയാളഭാഷയിലുള്ള സഭാശുശ്രൂഷകള്‍ മനസിലാകാത്തതിലെ അസംതൃപ്‌തി മൂലം നിരവധി പേര്‍ സഭ വിട്ടുപോയതിലും സഭ വിടാന്‍ തയാറായിനില്‍ക്കുന്നതിലും താന്‍ വളരെ വേദനിക്കുന്നുവെന്ന്‌ സഖറിയ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്ത വിഷമം പങ്കുവെച്ചു. എം ജി ഓ സി എസ്‌ എം -ലും ഇടവക തലത്തിലുമൊക്കെ വളരെ സജീവമായി നിന്ന പലരും പരിശുദ്ധ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മക്കള്‍ എന്ന നിലയില്‍ നിന്നും പുതിയ വിശ്വാസഗ്രൂപ്പുകളും സ്ഥലങ്ങളുമൊക്കെ തേടിപ്പോകുന്നതില്‍ മെത്രാപ്പൊലീത്ത പത്രക്കുറിപ്പില്‍ ദുഖം അറിയിച്ചു.

മലയാളം അറിയില്ലാത്ത വലിയൊരു സമൂഹമാണ്‌ ഇവിടെ സഭാതലത്തില്‍ വളര്‍ന്നുവരുന്നത്‌. നമ്മുടെ യുവതലമുറയില്‍ നല്ലൊരു വിഭാഗമാകട്ടെ മലയാള ബന്ധമോ ഇന്ത്യന്‍ ബന്ധമോ ഇല്ലാത്തവരെയാണ്‌ വിവാഹം ചെയ്‌തിരിക്കുന്നതെന്നതും തിരുമേനി ചൂണ്ടിക്കാട്ടി. ഇങ്ങനെയാണെങ്കിലും ഈ സമൂഹങ്ങള്‍ ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ വിശ്വാസത്തിന്റെ മഹത്വം മനസിലാക്കി പ്രാര്‍ഥനാ കര്‍മങ്ങളില്‍ പങ്കുചേരുന്നു, പക്ഷേ ഭാഷാതടസങ്ങള്‍ മൂലം ശരിയായ വിധത്തില്‍ വിശുദ്ധ കുര്‍ബാനയിലും മറ്റ്‌ ആരാധനാ കര്‍മങ്ങളിലും പങ്കെടുക്കുവാനും അതില്‍ ഉള്‍ച്ചേരുവാനും ഇവര്‍ക്കും കഴിയുന്നില്ലന്നതും വസ്‌തുതയാണ്‌.

സഭയില്‍ നിന്ന്‌ ആര്‌ വിട്ടുപോയാലും വിഷമമുണ്ടെന്ന്‌ തിരുമേനി പറഞ്ഞു.  ഇതേസമയം, ഈ രാജ്യത്ത്‌ ജനിച്ചുവളര്‍ന്നവരായിരുന്നിട്ടും ഈ സഭയില്‍ വളരെ വിശ്വാസത്തോടെ, ഊര്‍ജസ്വലരായി നിലനില്‍ക്കുന്ന, നാല്‍പതിലേറെ സഭാംഗങ്ങളെ വളരെ പ്രതീക്ഷയോടെയാണ്‌ കാണുന്നതെന്ന്‌ തിരുമേനി പറഞ്ഞു. ഈ ഭദ്രാസനത്തിന്റെ പരിധിയില്‍ ഇംഗ്ലീഷ്‌ ഭാഷ ആരാധനാകര്‍മങ്ങളില്‍ ഉപയോഗിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന ഇടവകകളുടെ ഉത്തരവാദിത്വം ഇവരെ ഏല്‍പിക്കുന്നതായും മെത്രാപ്പൊലീത്ത അറിയിച്ചു.

ഹോളിക്രോസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ഓഫ്‌ മാന്‍ഹാട്ടന്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ഇന്‍ മേരിലാന്‍ഡ്‌, സെന്റ്‌ തെക്‌ല ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ഓഫ്‌ ഹഡ്‌സണ്‍വാലി, സെന്റ്‌ ലൂക്ക്‌ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ഫെലോഷിപ്പ്‌ ഓഫ്‌ ഫിലഡല്‍ഫിയ എന്നിവയാണ്‌ ഈ ഇടവകകള്‍. സെന്റ്‌ ബാര്‍നബാസ്‌ മിഷന്‍ ഇന്‍ മേരിലാന്‍ഡ്‌ മാത്രമേ ഭദ്രാസനത്തിലെ കോണ്‍ഗ്രിഗേഷന്റെ സ്റ്റാറ്റസിലേക്ക്‌ ഉയര്‍ത്തപ്പെട്ടിട്ടുള്ളു എന്നും തിരുമേനി അറിയിച്ചു. ഇനിയും പ്രവര്‍ത്തിക്കാതെ വെറുതെയിരിക്കുന്ന പക്ഷം നമുക്ക്‌ നമ്മുടെ വിശ്വാസി സമൂഹത്തെ നഷ്‌ടപ്പെടുമെന്ന ആശങ്ക പങ്കുവെച്ച മെത്രാപ്പൊലീത്ത, ഈ മിഷനുകള്‍, നമ്മുടെ വിശ്വാസിസമൂഹത്തെ വിശ്വാസത്തിന്റെ മാസ്‌മരികത അനുഭവ വേദ്യമാക്കും വിധം തിരികെയെത്തിക്കുന്നതിന്‌ ജാഗരൂകരാവുമെന്ന്‌ പ്രതീക്‌ഷ പ്രകടിപ്പിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനം സഭാമക്കളുടെ ആധ്യാത്മിക വളര്‍ച്ചയ്‌ക്ക്‌ ഉപകരിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനപരിപാടികള്‍ നടപ്പാക്കിവരുന്നുവെന്നും യേശുക്രിസ്‌തുവിലുള്ള സ്‌നേഹമാണ്‌ ഇതിലൂടെ പങ്കുവെക്കപ്പെടുന്നതെന്നും മെത്രാപ്പൊലീത്ത അറിയിച്ചു.

Mar Nicholovos speaking

1 COMMENT

  1. I have attended Holy Qurbana in English during 1970 s. What happened now.?
    The English version was made available By Mathews Bava and there was a Thaksa by Kadavil Paul Rambaan.

LEAVE A REPLY

Please enter your comment!
Please enter your name here