തമിഴ്‌നാട്ടില്‍ അനിശ്ചിതത്വം തുടരവെ, ശശികലയെ പ്രതിരോധത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.ശശികലയും ബന്ധുക്കളും ഉള്‍പ്പെടുന്ന സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് കേസുകളില്‍ പിടിമുറുക്കിയാണ് കുരുക്ക് ഒരുക്കുന്നത്.

മദ്രാസ് ഹൈക്കോടതിയിലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലും ഇവര്‍ക്കെതിരെയുള്ള എട്ട് സാമ്പത്തിക തട്ടിപ്പ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകള്‍ കോടതികളെ സമീപിച്ചു കഴിഞ്ഞു.

ഗവര്‍ണ്ണര്‍ക്കെതിരെയും ബി ജെ പി നേതൃത്വത്തിനെതിരെയും ശശികല വിഭാഗം നിലപാട് കടുപ്പിച്ചതിന്റെ പശ്ചാതലത്തിലാണ് കേന്ദ്രത്തിന്റെ തിരിച്ചടി.

ഈ കേസുകളില്‍ സീനിയര്‍ അഭിഭാഷകരെ ശശികല രംഗത്തിറക്കാമെന്നതിനാല്‍ ആവശ്യമായ ജാഗ്രത പാലിക്കാനും ഡല്‍ഹിയില്‍ നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല, ഭര്‍ത്താവ് എം നടരാജന്‍, സഹോദരന്‍ വി ദിവാകരന്‍, സഹോദരീ പുത്രന്മാരായ ടി ടി വി.ദിനകരന്‍, വി എന്‍ സുധാകരന്‍, ടി ടി വി ഭാസ്‌ക്കരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ഫെറ നിയമം ലംഘിച്ച് ആഡംബര കാര്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതിന് നടരാജനെ 2010ല്‍ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.പുതിയ കാര്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ഉപയോഗിച്ചതില്‍ മറ്റ് മൂന്ന് പേര്‍ക്ക് കൂടി പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തുകയും ചെയ്തിരുന്നു.

1.06 കോടി രൂപ ഖജനാവിന് നഷ്ടപ്പെടുത്തിയെന്ന കുറ്റത്തിന് രണ്ടു വര്‍ഷം തടവ് ശിക്ഷയാണ് ഈ കേസില്‍ വിധിച്ചിരുന്നതെങ്കിലും ഹൈക്കോടതിയെ നടരാജന്‍ സമീപിച്ചതിനെ തുടര്‍ന്ന് വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞ് വച്ചിരിക്കുകയാണ്.
കേസിന്റെ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സിബിഐ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹര്‍ജി 20 ന് കോടതി പരിഗണിക്കും.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദണ്ഡപാണിയും സമാനമായ ആവശ്യം തന്നെയാണ് ഉന്നയിച്ചത്.

ശശികല മറ്റേതെങ്കിലും നേതാവിനെ മുന്‍നിര്‍ത്തി ഭരണം പിടിക്കാന്‍ ശ്രമിച്ചാല്‍ പോലും അവര്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ കൂടി ഉദ്യേശിച്ചാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കമെന്നാണ് സൂചന.

ശശികലയെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ വിളിക്കാന്‍ ഉദ്യേശിക്കുന്നില്ലങ്കിലും മറ്റാരെയെങ്കിലും മുന്‍നിര്‍ത്തിയാല്‍ ഭൂരിപക്ഷ പിന്തുണയുണ്ടെങ്കില്‍ തടയാന്‍ പറ്റില്ല.

ശശികല വിഭാഗം അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടായാല്‍ തമിഴ്‌നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്ന് പനീര്‍ശെല്‍വ വിഭാഗം ബി ജെ പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. ഈ പശ്ചാതലത്തിലാണ് കേന്ദ്രത്തിന്റെ തിടുക്കപ്പെട്ട നീക്കം.

മാത്രമല്ല സത്യപ്രതിജ്ഞക്ക് ക്ഷണിക്കാതിരിക്കുന്നത് ചൂണ്ടി കാട്ടി ശശികല നിയമ നടപടിക്കും മറ്റും തുനിഞ്ഞാലും ഈ കേസുകള്‍ കൂടി പിടിവള്ളിയാക്കാമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ കണക്കു കൂട്ടല്‍.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ സുപ്രീകോടതി വിധി പറയാന്‍ മാറ്റി വച്ചത് ചൂണ്ടി കാണിച്ചാണ് ഗവര്‍ണ്ണര്‍ ശശികലയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാതിരിക്കുന്നത്.

അതേ സമയം അണ്ണാ ഡിഎംകെയുടെ 37 എം പിമാരില്‍ 10 ഓളം പേര്‍ പനീര്‍ശെല്‍വത്തിന്റെ ക്യാംപിലെത്തിയത് കേന്ദ്ര സര്‍ക്കാറിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. അവശേഷിക്കുന്നവരെ ഉടന്‍ തങ്ങളുടെ ഭാഗത്ത് എത്തിക്കുമെന്നാണ് പനീര്‍ശെല്‍വത്തിന്റെ ഉറപ്പ്.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ അണ്ണാ ഡിഎംകെ എംപിമാരുടെ സഹായം കേന്ദ്ര സര്‍ക്കാറിന് പല ബില്ലുകളും പാസാക്കാന്‍ അനിവാര്യമാണ്.

പ്രതിസന്ധി നീളുംതോറും കൂടുതല്‍ എം എല്‍ എ മാരും തിരികെ എത്തുമെന്നും ഡിഎംകെ സഹായത്തോടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നുമാണ് പനീര്‍ശെല്‍വം കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും നല്‍കിയിരിക്കുന്ന ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here