തിരുവനന്തപുരം∙ കർക്കിടകത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് കനത്ത മഴ. കർക്കിടകം ആരംഭിച്ചപ്പോൾ മുതൽതന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇതേനിലയിൽ 22 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

അതേസമയം, കനത്ത മഴയെത്തുടർന്ന് കാസർകോട് ജില്ലയിലെ പ്രഫഷണൽ കോളജുകളുൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്.

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ 23വരെ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കടൽത്തീരങ്ങളിലും മലയോരമേഖലകളിലും സന്ദർ‍ശകരെ നിയന്ത്രിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കലക്ടർമാർക്ക് നിർദേശം നൽകി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

എന്നാൽ ദിവസം മുഴുവനും മഴ പെയ്തിട്ടും കേരളത്തിൽ ആവശ്യമായ അളവിൽ മഴ ലഭിച്ചിട്ടില്ല. ഇതുവരെ 32 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണ് കാലവര്‍ഷം ഏറ്റവും കുറഞ്ഞത്. സംസ്ഥാനത്താകെ ജൂണ്‍ ഒന്നു മുതല്‍ ജൂലൈ പകുതിവരെ 1033 മില്ലീമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. ഇത്തവണ പെയ്തതാകട്ടെ വെറും 703 മില്ലീ മീറ്ററും.

കര്‍ക്കിടക മാസത്തിലെങ്കിലും നല്ല മഴകിട്ടും എന്ന പ്രതീക്ഷയിലാണെങ്കിലും, പൊതുവെ മണ്‍സൂണ്‍ മഴ കുറഞ്ഞേക്കുമെന്ന പ്രവചനമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here