ഫിലാഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപത 2017 യുവജനവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഇടവകകള്‍ കേന്ദ്രീകരിച്ച് സണ്ടേ സ്കൂള്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വിവിധ പരിപാടികള്‍ നടപ്പിലാക്കി വരുന്നതിന്‍റെ ഭാഗമായി ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ മതബോധനസ്കൂള്‍ നടത്തിയ ഫെയ്ത്ത്ഫെസ്റ്റിനോടനുബന്ധിച്ച് ബൈബിള്‍ സ്പെല്ലിംഗ് ബീ മല്‍സരം സംഘടിപ്പിച്ചു. വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്‍റെ വെളിച്ചത്തില്‍ കുട്ടികളുടെ നൈസര്‍ഗികകലാവാസനകള്‍ ചിത്രരചനയിലൂടെയും, ഭക്തിഗാനങ്ങളിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും, ബൈബിള്‍ കഥാപാത്ര അനുകരണത്തിലൂടെയും, ബൈബിള്‍ വായന, ബൈബിള്‍ കഥാകഥനം, ബൈബിള്‍ വാക്കുകളുടെ ശരിയായ ഉച്ഛാരണവും, സ്പെല്ലിംഗും എന്നിവയിലൂടെയും, പ്രസംഗരൂപേണയും അവതരിപ്പിച്ച് ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ സണ്ടേ സ്കൂള്‍ കുട്ടികള്‍ക്ക് ലഭിച്ച സുവര്‍ണാവസരം. ചെറുപ്രായത്തില്‍ കുട്ടികളില്‍ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷിക മൂല്യങ്ങളും, പ്രകൃതിസ്നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്‍റെ ഭാഗമായി നടത്തപ്പെട്ട പരിപാടി വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ചു.

പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മതബോധനസ്കൂള്‍ കുട്ടികള്‍ക്ക് അവരുടെ കലാവാസനകള്‍ പ്രകടിപ്പിക്കുന്നതിനായി നടത്തപ്പെട്ട ഫെയ്ത്ത്ഫെസ്റ്റില്‍ ബൈബിള്‍ സ്പെല്ലിംഗ് ബീ മുതല്‍ ഉപകരണസംഗീതം വരെ, വാട്ടര്‍ കളര്‍ പെയിന്‍റിംഗ് മുതല്‍ ബൈബിള്‍ വായന വരെ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തിയിയിരുന്നു. ഫെബ്രുവരി 25, മാര്‍ച്ച് 4, ഏപ്രില്‍ 30 എന്നീ മൂന്നു ദിവസങ്ങളിലായിട്ടാണു മല്‍സരങ്ങള്‍ അരങ്ങേറിയത്.

ഏപ്രില്‍ 30 ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം നടത്തപ്പെട്ട സാറാ യോഹന്നാന്‍ മെമ്മോറിയല്‍ ബൈബിള്‍ സ്പെല്ലിംഗ് ബീ മല്‍സരം മല്‍സരാര്‍ത്ഥികള്‍ക്കും, കാണികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു. അഞ്ചുമുതല്‍ എട്ടു വരെ ക്ലാസ്സുകളില്‍ നിന്ന് 22 കുട്ടികളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് 10 കുട്ടികളും ബൈബിള്‍ ബീ മല്‍സരത്തില്‍ വാശിയോടെ പങ്കെടുത്തു.

ഇടവക വികാരി റവ. ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍ വിശ്വാസതിരിതെളിച്ച് ബൈബിള്‍ ബീ മല്‍സരം ഉത്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ മോഡി ജേക്കബ്, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്ടേസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാളേയ്ക്കല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ലീനാ ജോസഫ്, അനു ജയിംസ്, ജോസഫ് ജയിംസ്, പി.റ്റി.എ. പ്രസിഡന്‍റ് ജോജി ചെറുവേലില്‍ എന്നിവരും, മാതാപിതാക്കളും ഉത്ഘാടനചടങ്ങിനു സാക്ഷ്യം വഹിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ അബിഗെയില്‍ ചാക്കോയും, ഹൈസ്കൂള്‍ ലവലില്‍ ആഷ്ലി ഉപ്പാണിയും ചാമ്പ്യന്മാരായി. വിജയികള്‍ക്ക് സാറാ യോഹന്നാന്‍റെ സ്മരണാര്‍ത്ഥം ഗ്രേസി മോഡി സ്പോണ്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

സലിനാ സെബാസ്റ്റ്യന്‍, രേഷ്മാ റോയി, ഏഞ്ജല്‍ മോഡി, മനു മാത്യു എന്നിവര്‍ ജഡ്ജുമാരായും, അനു, ലീനാ എന്നിവര്‍ ഹോസ്റ്റുമാരായും നല്ലപ്രകടനം കാഴ്ച്ചവച്ചു.

ഫോട്ടോ: ജോസ് തോമസ് /ജിമ്മി ചാക്കോ

Bible Bee Inauguration (4) Bible Bee Inauguration (2) Sponsor Gracy Mody with contestants Bible Bee Inauguration (9) Bible Bee Inauguration (6) Bible Bee Inauguration (5) Bible Bee Inauguration (12) Bible Bee Inauguration (10) Bible Bee Inauguration (13) Bible Bee Inauguration (1) Bible Bee (2) Bible Bee (1) Ashley Uppani Abigail Chacko

LEAVE A REPLY

Please enter your comment!
Please enter your name here