ന്യൂദല്‍ഹി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് കണക്കെടുക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ നിര്‍ദേശിച്ചു. ഇക്കാര്യം അമിക്കസ് ക്യൂറിയും രാജകുടുംബവും ആലോചിച്ച് തീരുമാനിച്ച ശേഷം കോടതിയെ അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കണക്കെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്നും തുറന്നില്ലെങ്കില്‍ അത് അനാവശ്യ സംശയങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കോടതി അറിയിച്ചു.
അതിനിടെ ക്ഷേത്രത്തിലെ വജ്രാഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് അമിക്കസ്‌ക്യൂറി. വിഗ്രഹത്തിന്റെ ശിരസ്സില്‍ പതിപ്പിച്ചിരുന്ന എട്ടു വജ്രാഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വീഴ്ചയെന്ന് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചു.

വജ്രാഭരണങ്ങള്‍ കാണാതായത് സംബന്ധിച്ച് സുപ്രീംകോടതി അന്വേഷണം നടത്തണമെന്ന് അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്ര സ്വത്ത് പരിശോധിച്ച് വിലയിരുത്താന്‍ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിലുള്ള പ്രത്യേക സമിതി ആവശ്യമാണ്. ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസറെ ഭരണസമിതിയുടെ മെമ്പര്‍ സെക്രട്ടറിയാക്കണമെന്നും ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്റെ ഫിനാന്‍സ് കണ്‍ട്രോളറായി പ്രേമചന്ദ്രക്കുറുപ്പിനെ നിയമിക്കണം.
എച്ച്.വെങ്കിടേശ് ഐപിഎസിനെ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാക്കി നിയമിക്കണമെന്ന അമിക്കസ്‌ക്യൂറിയുടെ ആവശ്യത്തിന്മേല്‍ നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും രാജകുടുംബത്തോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here