കോട്ടയം: ഭാരത് ആശുപത്രിയില്‍ സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കാന്‍ ധാരണയായി. 110 ദിവസമായി തുടര്‍ന്ന സമരമാണ് ഒത്തുതീര്‍പ്പായത്. തിരുവനന്തപുരത്ത് ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. നഴ്‌സുമാര്‍ക്ക് സമരം ചെയ്ത കാലയളവിലെ മുഴുവന്‍ ശമ്പളവും നല്‍കും. പിരിച്ചു വിട്ട ജീവനക്കാര്‍ക്ക് ഡിസംബര്‍ 31 വരെയുള്ള പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും മാനേജ്‌മെന്റ് സമ്മതിച്ചു.

ശമ്പളവര്‍ധനവ് അടിസ്ഥാന സൗകര്യവികസനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. 8000 രൂപ മാത്രം ശമ്പളം നല്‍കുന്ന മാനേജ്‌മെന്റ് ഒരു ദിവസത്തെ അവധിക്ക് ആയിരം രൂപയാണ് ഫൈന്‍ ഈടാക്കുന്നതെന്ന് സമരം പ്രഖ്യാപിച്ച് ഇവര്‍ പറഞ്ഞിരുന്നു.
കൂടാതെ തങ്ങളുടെ സ്വകാര്യതകളെ ഹനിക്കുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി ടിവി ക്യാമറകള്‍, നൈറ്റ് ഷെഡ്യൂളുകളിലെ അപാകതകള്‍, ഹോസ്റ്റല്‍ സൗകര്യം തുടങ്ങിയ വിഷയങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയ 60 പേരെ പിരിച്ചുവിട്ടായിരുന്നു മാനേജ്‌മെന്റിന്റെ പ്രതികാര നടപടി.
സംസ്ഥാനത്ത് ശമ്പള വര്‍ധനവുള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികളുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പുപോലും ലംഘിച്ചായിരുന്നു നടപടി. തുടര്‍ന്ന പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക എന്നതിലേക്ക് സമരം വഴിമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here