ലണ്ടൻ∙ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കയ്യടക്കേണ്ട പ്രദേശങ്ങളുടെ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ഭൂപടത്തിൽ ഇന്ത്യയും. ഭീകരസംഘടനയെക്കുറിച്ചുള്ള പുസ്തകത്തിലാണ് ഈ ഭൂപടം ഉൾക്കൊള്ളിച്ചിരിക്കുന്നത്. മധ്യപൂർവ ഏഷ്യ, വടക്കൻ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പിന്റെ വിവിധ ഭാഗങ്ങൾ എന്നിവയാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഖിലാഫത്തിന്റെ കീഴിൽ കൊണ്ടുവരേണ്ട പ്രദേശങ്ങളെന്നാണ് ഭൂപടത്തിൽ വ്യക്തമാക്കുന്നത്.

പടിഞ്ഞാറ് സ്പെയിൻ മുതൽ കിഴക്ക് ചൈനവരെയാണ് ഐഎസിന്റെ ലക്ഷ്യം. കൃത്യമായ പദ്ധതിയാണ് ഇതിനു പിന്നിലുള്ളതെന്നും ഐഎസിന്റെ ഭൂപടം വ്യക്തമാക്കുന്നു. ഭൂപടമനുസരിച്ച് എട്ടാം നൂറ്റാണ്ട് മുതൽ 15-ാം നൂറ്റാണ്ട് വരെ മൂർസ് കയ്യടക്കിയിരുന്ന പ്രദേശങ്ങളായ സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നിവയ്ക്ക് ആൻഡലസ് എന്ന അറബി പേരാണ് ഇട്ടിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന പ്രദേശത്തിന് ഖുറാസൻ എന്നാണ് പേരിട്ടിരിക്കുന്നത്.

എംപയർ ഓഫ് ഫിയർ: ഇൻസൈഡ് ദി ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പുസ്തകത്തിൽ ബിബിസി റിപ്പോർട്ടറായ ആൻഡ്രൂ ഹോസ്കെനാണ് ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 20 വർഷം മുൻപേയുള്ള ഏഴു ഘട്ട ഐഎസ് പദ്ധതിയിൽ 2000 – 2003ൽ ഇസ്‌ലാമിക ലോകത്തിനു നേർക്ക് യുഎസ് നയിച്ച യുദ്ധവും 2010 – 2013ൽ അറബ് ലോക നേതാക്കൾക്കെതിരെ ഉയർന്ന വിപ്ലവവും ഉൾപ്പെട്ടിട്ടുണ്ട്. 1996ൽ സംഘടന രൂപീകരിച്ച അബു മുസബ് അൽ സർഖാവി 2020ൽ മുസ്‌ലിം വിജയം ഉറപ്പാക്കുന്ന ഈ ഏഴു ഘട്ടങ്ങളെക്കുറിച്ചു പറഞ്ഞിരുന്നതായും ഹോസ്കിൻ പുസ്തകത്തിൽ പറയുന്നു.

ഇറാഖിലെയും സിറിയയിലെയും അൻപതിനായിരത്തോളം വരുന്ന അംഗങ്ങൾക്ക് രണ്ട് ബില്യൺ പൗണ്ടോളം വരുന്ന പണവും സ്വത്തുക്കളുമാണ് ഐഎസ് നൽകുന്നത്. ഇതു പ്രധാനമായും ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ എണ്ണ, വാതക പാടങ്ങളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ്. യുഎസ്, റഷ്യ ഉൾപ്പെടെയുള്ള അറുപതോളം രാജ്യങ്ങളാണ് അവർക്കെതിരായുള്ളതെന്ന് ഹോസ്കെൻ പുസ്തകത്തിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here