അബുദാബി ∙ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്‌തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മേഖലകളിലും സഹകരണം കൂടുതൽ ശക്‌തമാക്കി ഇരുരാജ്യങ്ങൾക്കും ഗുണകരമായ സാഹചര്യമൊരുക്കാനാകുമെന്നും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസർവസൈന്യാധിപനുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അയച്ച കത്തിൽ നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. മോദിയുടെ യുഎഇ സന്ദർശത്തിനു മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന്റെ കൈവശം കൊടുത്തയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. ചരിത്രപരമായി അടുത്തബന്ധമുള്ള യുഎഇയുമായി കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കേണ്ടതിനെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നു. മേഖലാ–രാജ്യാന്തര സംഭവവികാസങ്ങളും ഷെയ്‌ഖ് മുഹമ്മദും ജയശങ്കറും ചർച്ചചെയ്‌തു. നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾക്ക് അന്തിമരൂപം നൽകാനാണ് എസ്. ജയശങ്കറിന്റെ യുഎഇ സന്ദർശനമെന്നു കരുതുന്നു. യുഎഇ വിദേശകാര്യമന്ത്രി ഷെയ്‌ഖ് അബ്‌ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, വിദേശകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി മുഹമ്മദ് മിർ അൽ റെയ്‌സി എന്നിവരുമായും എസ്. ജയശങ്കർ കൂടിക്കാഴ്‌ച നടത്തി. 16, 17 തീയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കുന്നത്. 16ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തും. 17നു ദുബായിൽ യുഎഇ വൈസ്‌പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമുമായി കൂടിക്കാഴ്‌ച നടത്തുന്ന പ്രധാനമന്ത്രി വൈകിട്ട് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here