കൊച്ചി∙ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ട്. കോടതി അംഗീകരിച്ചാൽ പുതുക്കിയ വാർഡ് വിഭജനം നടപ്പിലാക്കണം. നാളെ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഉന്നതതല ചർച്ച നടത്തും. അവർക്കാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർഡ് വിഭജന കാര്യത്തിൽ അന്തിമരൂപം ആകാത്തതിനാൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബറിൽ നടത്താൻ കഴിയില്ലെന്ന ആശങ്ക സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഗവർണറെയും സർക്കാരിനെയും അറിയിച്ചിരുന്നു. ഇപ്പോഴത്തെ നിലയിലാണു കാര്യങ്ങൾ പുരോഗമിക്കുന്നതെങ്കിൽ ഡിസംബറിലേ തിരഞ്ഞെടുപ്പു നടത്താൻ കഴിയൂവെന്നാണു ഗവർണർക്കും ചീഫ് സെക്രട്ടറിക്കും നൽകിയ കത്തിൽ കമ്മിഷൻ വ്യക്തമാക്കിയത്. അല്ലാത്തപക്ഷം പഴയ വാർഡ് വിഭജനത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പു നടത്തേണ്ടിവരുമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം, കോഴിക്കോട് കോർപറേഷനുകൾ വിഭജിച്ചു പുതിയ നഗരസഭകൾ രൂപീകരിച്ചതു ഹൈക്കോടതി കഴി‍ഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഗ്രാമപഞ്ചായത്തുകളുടെ വാർഡ് വിഭജനം സംബന്ധിച്ച അന്തിമ ഉത്തരവ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനം പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിച്ചു പരാതി സ്വീകരിക്കാൻ സമയവും നൽകണം. ജില്ലാ പഞ്ചായത്തുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here