“നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു”
വിശുദ്ധ മത്തായി (5 :14 )

യേശുനാഥൻ മലമുകളിൽ കയറി അവിടെ തടിച്ചു കൂടിയ പുരുഷാരത്തോടു പ്രഭാഷണം നടത്തുന്ന വേളയിൽ അവരോട് പറഞ്ഞ സുപ്രധാന വചനമാണ് “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു”. വിശുദ്ധ മത്തായി (5 :14 )

ഇത് കേട്ടമാത്രയിൽ കേൾവിക്കാർ തികച്ചും പരിഭ്രാന്തരായി. അവർ അന്യോന്യം തുറിച്ചുനോക്കി. ഈ ലോകം ഇരുട്ട് നിറഞ്ഞതാണ്. അനേകം വർഷങ്ങളായി നമ്മൾ റോമൻ ഭരണത്തിന് കീഴിലാണ്. ഏറെ കാലമായി റോമൻ സീസറിനും കൊള്ള നികുതി കൊടുക്കുന്നുണ്ട്. നികുതി പിരിക്കുന്നവർ എപ്പോഴും ചൂഷണം ചെയുന്നു. റോമാ ചക്രവർത്തിമാർക്കു കീഴിൽ നമ്മൾക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല , ഭാവിയിൽ ഒരു പ്രതീക്ഷയും ഇല്ല. ഈ അവസരത്തിലാണ് യേശുതമ്പുരാൻ അവരോടു പറയുന്നത് “”നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു” എന്ന്

യെശയ്യാപ്രവാചകൻ (1:16), “നിങ്ങളുടെ പ്രവർത്തികളുടെ ദോഷത്തെ എന്റ്റെ കണ്മുൻപിൽ നിന്നും നീക്കിക്കളവിൻ” എന്ന വലിയ അർഥവത്തായ വാചകം ഇവിടെ വലിയ പ്രസക്തമാണ് . യഹൂദജനം തങ്ങളുടെ പാപത്തിന്റെ തടവറയിൽ അകപ്പെട്ടു ആത്മീയഉന്നമനത്തിനു അശക്തരായിരുന്നു. മോശയുടെ ന്യായപ്രമാണത്തിൻറെ ആഴങ്ങൾ അവർക്കു അജ്ഞരായിരുന്നു .ഉപരിപ്ലവമായ ആചാരങ്ങൾ, യഹൂദർ പഠിപ്പിച്ച പതിവ് രീതികൾ മാത്രം പിന്തുടർന്ന് പ്രതീക്ഷ അറ്റു നിരാശയും നിസ്സഹായതയും നിറഞ്ഞ ജീവിതമായിരുന്നു ഇസ്രായേൽ ജനത നയിച്ച് കൊണ്ടിരുന്നത് . ഈ അവസരത്തിലാണ് യേശുതമ്പുരാൻ അവരെ ആശ്ഛിര്യചകിതരാക്കികൊണ്ടു അവരോടു പറയുന്നത് “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു”

നമ്മുടെ ജീവിതം ആത്മാർഥമായി നമ്മൾ അവലോകനം ചെയ്താൽ എത്ര പേർക്ക് പറയാൻ പറ്റും നമ്മൾ ലോകത്തിന്റെ വെളിച്ചമാണ് എന്ന് ? ഓരോ ദിവസവും എത്രയോ മോശപ്പെട്ട വാർത്തകളാണ് നമ്മൾ കേൾക്കുന്നത് . ചാവേർ ആക്രമണം , വംശഹത്യ, വംശീയ ഉന്മൂലനം, മതപരമായ പീഡനങ്ങൾ, സ്കൂളുകളിൽ വെടിവെയ്പ്പ് അങ്ങനെ പലതും . ആധ്മീയമായ അന്ധകാരത്തിൽ നടന്നു സാത്താനെയും അവന്റെ വേലകളെയും അടിമപ്പെട്ടു മനുഷ്യൻ തിന്മകൾ ചെയ്തുകൂട്ടുന്നു

നാം ജീവിക്കുന്ന ലോകത്തിൽ നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും , ഇന്റർനെറ്റ് പോലെയുള്ള മാധ്യമങ്ങൾ വഴി നടക്കുന്ന അനേകം തെറ്റുകൾ , മയക്കുമരുന്ന്, വിവാഹേതര ബന്ധങ്ങൾ , വിവാഹമോചനം ഇവയെല്ലാം നിത്യസംഭവമാണ് .ഇതെല്ലാം കാണുമ്പോൾ നമ്മൾ എങ്ങനെയാണു ലോകത്തിന്റെ പ്രകാശമാണ് എന്ന് പറയാൻ കഴിയുക . നമ്മൾ സഹജീവികളുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നുണ്ടോ , മറ്റുള്ളവരുടെ ക്ഷേമം അന്വേഷിക്കാറുണ്ടോ, നമ്മുടെ കൂട്ടുകെട്ട് തെറ്റാണോ, ഇതൊക്കെ നമ്മൾ ഗഹനമായി തന്നെ ചിന്തിക്കേണ്ടതുണ്ട് .

ഈ അവസരത്തിൽ ഞാൻ കൗമാരക്കാരനായിരിക്കുമ്പോൾ ക്രിസ്തുമസ് കരോളിംഗിന് പോയിരുന്നത് ഓർമയിൽ വരുന്നു. ഇത് ഏകദേശം അമ്പതു വർഷങ്ങൾക്കു മുൻപുള്ള സംഭവമാണ്. ഞാൻ താമസിക്കുന്ന സ്ഥലത്തു അപ്പോൾ വൈദ്യുതി എത്തിയിട്ടില്ലായിരുന്നു . പെട്രോൾ വാതകം ഉപയോഗിച്ചുള്ള വിളക്കുകൾ (പെട്രോൾ-മാക്സ് വിളക്ക് ) ആയിരുന്നു ക്രിസ്തുമസ് കരോളിംഗിന് ഉപയോഗിച്ചിരുന്നത് . ദിവസവും അഞ്ചു മൈൽ ഒക്കെ നടന്നാണ് ഇടവകയിലെ നൂറിൽ പരം വീടുകളിൽ കരോളിംഗിന് പോയിരുന്നത് . പലപ്പോഴും ഇരുട്ടിൽ കണ്ണ് കാണാതെ ഞാൻ തട്ടി വീണിട്ടുണ്ട് , അത് കൊണ്ട് ഇരുട്ടത്ത് എവിടെയും തട്ടി നിലത്തു വീണു പോകാതിരിക്കാൻ പെട്രോൾ-മാക്സ് വിളക്കിന്റ്റെ അടുത്ത് കൂടി നടക്കുമായിരുന്നു.

നമ്മൾക്കറിയാം ഇരുട്ടിൽ ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സാൻഡി ചുഴലിക്കാറ്റ് മൂലം 2012 ൽ നമ്മുടെ ജീവിതം ദുസ്സഹമായ സംഭവം എല്ലാവരുടെയും ഓർമയിൽ ഉണ്ടാവുമല്ലോ , കമ്പ്യൂട്ടറുകൾ, സെൽ ഫോണുകൾ കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒക്കെ അപ്പോൾ നിശ്ചലമായി . കാരണം വൈദൃതി ഇല്ലായിരുന്നു . നമ്മുടെ ആത്മീയ ജീവിതവും പലപ്പോഴും ഇങ്ങനെയാണ് . പ്രധാന ആത്മീയ സ്രോതസ്സുകളായ ദിവ്യ വെളിച്ചം ഇല്ലാതെ നാം പലപ്പോഴും ഇരുട്ടിലാണ് ജീവിക്കുന്നത് . ഗലാത്യർ 5 (19 – 21 ) “ജഡത്തിന്റെ പ്രവൃത്തികളോ, ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം , വിഗ്രഹാരാധന,ആഭിചാരം ,പക ,പിണക്കം ,ജാരശങ്ക ,ക്രോധം ,ശാഠ്യം,ഭിന്നത, അസ്സോയ , മദ്യപാനം , വെറിക്കൂത്തു മുതലായവ എന്ന് വെളിവാകുന്നു. ഈ വക പ്രവൃത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് മുൻപേ പറഞ്ഞത് പോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു ” ആധ്മീയമായ കൂരിരുട്ടിൽ പെട്ട് അലയുന്നവർക്കു ഗലാത്യർ 5 (19 – 21 ) വലിയ ഒരു സന്ദേശമാണ് നൽകുന്നത്

ലോകത്തിന്റെ മഹത് വെളിച്ചമായ ദൈവപുത്രനായ യേശുനാഥൻ മാനവരാശിയെ ആദമീയപ്രകാശത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് വേണ്ടിയാണു ഈ ഭൂമിയിൽ ഭൂജാതനായത്. ദൈവിക പ്രകാശത്തിന്റെ ഉറവിടമായ യേശുവിൽ നിന്നാണ് പാപികളായ നമ്മൾക്കു ആത്മീയരക്ഷയുടെയും പ്രകാശത്തിന്ന്റെ പാതയിലേക്കുമുള്ള പ്രത്യാശയും , പ്രതീക്ഷയും . (യോഹ .1: 9) “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു” . യേശുതമ്പുരാൻ കുഷ്ഠരോഗികളെ സൌഖ്യമാക്കി, കുരുടരുടെ കണ്ണുകൾക്കു കാഴ്ച കൊടുത്തു, മരിച്ചവരെ ഉയിർപ്പിച്ചു, രോഗികളെയും ഉപേക്ഷിച്ചുപോയവരെയും,ദരിദ്രരെയും , താഴേത്തട്ടുകാരെയും സംരക്ഷിച്ചു . യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി വലിയ കഷ്ടം സഹിച്ചു ക്രൂശിൽ മരിച്ചു മാനവരാശിയുടെ പാപങ്ങൾക്കായി പാപപരിഹാരബലിയായി മാറി. യേശു സ്വന്തം മുറിവുകൾകൊണ്ടു നമ്മുടെ മുറിവുകളെ കെട്ടി . യേശുവിന്റെ നമ്മോടുള്ള നിരുപാധികമായ സ്നേഹം കരുണാസമ്പന്നനായ ഒരു പിതാവ് തൻറെ മക്കൾക്കുവേണ്ടി കരുതുന്ന സ്നേഹത്തിനു സമമാണ്‌

നാം ക്രിസ്തുവിൽ ആയിരിക്കുമ്പോൾ നമ്മൾ ദിവ്യ വെളിച്ചത്തിന്റെ പ്രകാശകിരണങ്ങളുടെ ഭാഗമായിത്തീരുന്നു.ക്രിസ്തു നമ്മോടു പറഞ്ഞു
“ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു. എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും ” യോഹന്നാൻ (8 : 12 ).

പത്രോസ് (2 :9 ) പറയുന്നു “നിങ്ങളോ അന്ധകാരത്തിൽ നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സത് ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തെരഞ്ഞെടുക്കപെട്ട ഒരു ജാതിയും, രാജകീയ പുരോഹിതവർഗവും,വിശുദ്ധ വംശവും, സ്വന്തജനവും ആകുന്നു “

ക്രിസ്തുവിന്റെ ജീവിതം, മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയിലൂടെ മാനവരാശിക്കു കൈവരിച്ച വലിയ അനുഗ്രഹവും , പാപമോചനവും വിശുദ്ധ സ്നാപനത്തിലൂടെ തന്റെ മക്കളായിരിക്കുന്ന സർവജനത്തിനു ലഭിച്ച ദിവ്യ കാരുണ്യാനുഗ്രഹങ്ങളാണ് . ദിവ്യജ്ഞാനത്തിന്റെ ഉറവിടം നമ്മുടെ ഉള്ളിലുള്ള ആത്മീയ വെളിച്ചമാണ്. പ്രാർത്ഥന, ഉപവാസം, ധ്യാനം മുതലായ ആത്മീയ വ്യായാമങ്ങളിലൂടെ കൈവരിക്കുന്ന ആത്മീയവെളിച്ചം ലഭ്യമായത് കൊണ്ടാണ് സീനായി പർവതത്തിൽവെച്ച് മോശക്ക് ദിവ്യനീതികൾ ലഭ്യമായത് . ദൈവം മോശക്ക് നൽകിയ ആത്മീയ ശക്തിയുടെ പിൻബലത്തിലാണ് മോശക്ക് ഇസ്രായേൽ ജനതയെ ചുവപ്പുകടൽ കടന്നു വാഗ്ദത്തദേശത്തു എത്തിക്കാനായത്. ഇതേ ആത്മീയ വെളിച്ചം നിമിത്തം തന്നെയാണ് പൗലോസിനെ ഒരു പുതിയ വ്യക്തിയാക്കി അനേകർക്ക്‌ രക്ഷയുടെ പാത കാണിക്കാൻ അവസരമൊരുങ്ങിയത് . വിദ്യാഭ്യാസം നന്നേ കുറഞ്ഞ മത്സ്യത്തൊഴിലാളികളായിരുന്ന അപ്പൊസ്തലന്മാർക്കും ആത്മീയ വെളിച്ചം ലഭ്യമായത് കാരണമാണ് അനേകർക്ക്‌ രക്ഷയുടെ കാരണമായ വിശുദ്ധ സുവിശേഷം ലോകത്തിന്റെ നാനാഭാഗത്തും പഠിപ്പിക്കാൻ പറ്റിയത് .

“നിങ്ങൾ വെളിച്ചം ആകുന്നു” എന്ന മഹത് വചനം ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. ഓരോരുത്തർക്കും ഒരു വലിയ സന്ദേശം ആണ് ഈ വചനം നൽകുന്നത്. ദൈവത്തിന്റെ സൃഷ്ടിയുടെയും സാദൃശ്യത്തിലൂടെയും ആണല്ലോ മനുഷ്യനെ സൃഷ്ടിക്കപ്പെട്ടത്.

യോഹന്നാൻ (1 , 4 : 5 ) പറയുന്നു “അവനിൽ ജീവൻ ഉണ്ടായിരുന്നു , ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു, വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു ,ഇരുളോ അതിനെ പിടിച്ചടക്കിയില്ല”

നാം ക്രിസ്തുവിനോടുകൂടെ ചേർന്ന് ജീവിച്ചാൽ , നമ്മെ ഒരു ഇരുട്ടും അലട്ടുകയില്ല .നിത്യമായ വെളിച്ചത്തിലൂടെ നമ്മെത്തന്നെ പ്രകാശിപ്പിച്ച് നമ്മളുടെ കുടുംബത്തിനും , കുട്ടികൾക്കും , സമൂഹത്തിനും, നമ്മുടെ സഭയ്ക്കും മൊത്തമായി നല്ല ഒരു മാതൃക യായി വചനം, പ്രവൃത്തി,ചിന്തകളിൽ ആത്മീയ പ്രകാശം ചൊരിഞ്ഞു ജീവിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്

ഗലാത്യർ (5 : 22 ) പറയുന്നു “ആത്മാവിന്റെ ഫലമോ , സ്നേഹം,സന്തോഷം ,സമാധാനം,ദീർഘക്ഷമ,ദയ,പരോപകാരം,വിശ്വസ്തത,സൗമ്യത,ഇന്ദ്രിയ ജയം “

ഏവരും ലോകത്തിന്റെ പ്രകാശമായി യേശുതമ്പുരാൻ പ്രതിധാനം ചെയ്ത ഉത്തമ ക്രിസ്തീയ ജീവിതം നയിക്കുമാറാകട്ടെ . അനുഗ്രഹാശംസകളോടെ

റെവ: ഫാ.ബാബു .കെ.മാത്യു
(വികാരി – സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയം മിഡ് ലാൻഡ്‌ പാർക്ക്‌)

വാർത്ത അയച്ചത് – ജിനേഷ് തമ്പി

LEAVE A REPLY

Please enter your comment!
Please enter your name here