ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും വലിയ ചികിത്സാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് തുടക്കമായി. ഝാര്‍ഖണ്ഡിന്റെ തലസ്ഥാന നഗരമായ റാഞ്ചിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ അമ്പതു കോടി ജനങ്ങളെയാണ് സൗജന്യചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുടെ ജനസംഖ്യക്ക് തുല്യമായ ആളുകളെയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തിലെ മറ്റൊരു രാജ്യത്തും സര്‍ക്കാരിന്റെ കീഴില്‍ ഇത്രയും വലിയ ചികിത്സാപദ്ധതിയില്ല. ഇതു ഇന്ത്യയുടെ ചരിത്ര നിമിഷമാണ്. കുറഞ്ഞചിലവിലുള്ള ചികിത്സ, രോഗപ്രതിരോധ പ്രവര്‍ത്തനം ലക്ഷ്യമിട്ടുള്ള ചികിത്സ എന്നിവയാണ് ആയുഷ്മാന്‍ ഭാരതിന്റെ പ്രത്യേകത, മോദി പറഞ്ഞു.

പദ്ധതിയെ ചിലര്‍ മോദി കെയര്‍ എന്നു വിശേഷിപ്പിക്കുന്നു. എന്നാല്‍ തനിക്കിത് സാധാരണക്കാരെയും പാവപ്പെട്ടവരെയും സേവിക്കാനുള്ള അവസരം മാത്രമാണ്. ലോകത്തിലെ എല്ലാ സംഘടനകളും ആയുഷ്മാന്‍ ഭാരതിനെപ്പറ്റി പഠിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ആരോഗ്യമേഖലയെ ദൈവികമായാണ് കേന്ദ്രസര്‍ക്കാര്‍ സമീപിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, ഗവര്‍ണര്‍ ദ്രൗപതി മുര്‍മു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

86 ശതമാനം ഗ്രാമീണ കുടുംബങ്ങളും  82 ശതമാനം നഗര കുടുംബങ്ങളും യാതൊരു വിധ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമില്ലാതെയാണ് കഴിയുന്നതെന്ന് ദേശീയ സാമ്പിള്‍ സര്‍വേ കണ്ടെത്തിയിരുന്നു. നിലവിലെ ആരോഗ്യ ചികിത്സാപദ്ധതിയുടെ പോരായ്മ തിരുത്തി സമഗ്ര പദ്ധതി നടപ്പാക്കാന്‍ ഇതാണ് മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ഗ്രാമീണ ഭാരതത്തിലെ 8.03 കോടി കുടുംബങ്ങളും നഗരങ്ങളിലെ 2.33 കോടി കുടുംബങ്ങളുമാണ്  ആയുഷ്മാന്‍ ഭാരതിന് കീഴില്‍ വരുന്നത്. 10.36 കോടി കുടുംബങ്ങളിലെ അമ്പതു കോടി ജനങ്ങളെ പദ്ധതി ഉള്‍ക്കൊള്ളും. പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ ചികിത്സാചിലവ് പദ്ധതിയിലൂടെ ലഭിക്കും.

സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ സാധ്യമാകും. കൊറോണറി ബൈപ്പാസ്, മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ, സ്റ്റെന്റിങ് എന്നിവ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ പദ്ധതിയേക്കാള്‍ 15-20 ശതമാനം നിരക്ക് കുറച്ചാണ് ആയുഷ്മാന്‍ ഭാരതിലൂടെ സാധ്യമാക്കുക.

പദ്ധതിയുടെ ഭാഗമായ ആശുപത്രികളില്‍ ആയുഷ്മാന്‍ മിത്ര ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഉണ്ട്. പദ്ധതിയുടെ സംരക്ഷണം ലഭിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കിനെ സമീപിച്ചാല്‍ മതി. പദ്ധതിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 14555 ല്‍ വിളിച്ചാലും മതിയാകും. ഇതുവരെ രാജ്യത്തെ 8,735 സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളാണ് പദ്ധതിയുടെ ഭാഗമായത്. 15,686 അപേക്ഷകളാണ് ലഭിച്ചത്.

പൈലറ്റ് ലോഞ്ചിങ്ങിന്റെ ഭാഗമായി 1280 ആശുപത്രികള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here