ഫ്ലോറിഡ: യു.എസിൽ ഭർത്താവിന്‍റെ കുത്തേറ്റ് മരിച്ച മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം അമേരിക്കയില്‍ തന്നെ സംസ്കരിക്കും. മൃതദേഹത്തില്‍ ആഴത്തിലുള്ള നിരവധി മുറിവുകളുള്ളതിനാല്‍ എംബാം ചെയ്യാനാവില്ല, ഇതേ തുടർന്നാണ് നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തത്.

സൗത്ത്​ ഫ്ലോറിഡയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി മെറിൻ ജോയി​ ചൊവ്വാഴ്​ചയാണ്​ കൊല്ലപ്പെട്ടത്​. പ്രതിയായ ഭര്‍ത്താവ് വെളിയനാട്​​ സ്വദേശി ഫിലിപ്പ് മാത്യുവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പുലര്‍ച്ചെ ഏഴരക്ക് മെറിൻ ജോലി കഴിഞ്ഞ്​ മടങ്ങവെ ആശുപത്രിയുടെ പാർക്കിങ്​ സ്ഥലത്തുവെച്ച്​​ ഫിലിപ്പ് കത്തികൊണ്ട്​ കുത്തുകയായിരുന്നു​.17 തവണയാണ് ഇയാൾ കുത്തിയത്. കുത്തേറ്റ്​ നിലത്ത്​ വീണ മെറിന്‍റെ ദേഹത്ത​ിലൂടെ വാഹനം കയറ്റി ഇറക്കുകയും ചെയ്​തു.

2016 ജൂലൈ 30നാണ് ഇരുവരും വിവാഹിതരായത്. എന്നാൽ രണ്ടുവർഷത്തിനിടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടായി. തുടർന്ന് ഇരുവരും അകന്ന്​ കഴിയുകയായിരുന്നു. ഇതിനിടെ ഇവർ പിരിയാൻ തീരുമാനിച്ചിരുന്നു. ഗാര്‍ഹിക പീഡനം സംബന്ധിച്ച് നേരത്തെ മെറിന്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇവര്‍ക്ക് രണ്ടു വയസ്സുള്ള മകളുണ്ട്.

കൊലക്ക് ശേഷം ഒരു ഹോട്ടലില്‍ മുറിയെടുത്ത ഫിലിപ്പ് ഇരു കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൊല കരുതിക്കൂട്ടിയുള്ളതാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇത് തെളിഞ്ഞാൽ 30 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here