വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചാലും അത്ര പെട്ടെന്ന്‌ താൻ അധികാരം വിട്ടുകൊടുക്കില്ലെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. സമാധാനപരമായ അധികാരമാറ്റം ഉണ്ടാകുമോ എന്ന്‌ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇക്കാര്യം ഉറപ്പുപറയാൻ ട്രംപ്‌ തയ്യാറായില്ല. തെരഞ്ഞെടുപ്പ്‌ ഫലം സുപ്രീംകോടതിയിൽ എത്തിയേക്കുമെന്നും ട്രംപ്‌ പറഞ്ഞു.

ട്രംപിന്റെ പ്രതികരണത്തെ 2012ൽ ബറാക്‌ ഒബാമയ്‌ക്കെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന മിറ്റ്‌ റോംനി വിമർശിച്ചു. സമാധാനപരമായ അധികാരമാറ്റമാണ്‌ ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും അതില്ലെങ്കിൽ ബെലാറസ്‌ ആയിരിക്കും ഫലമെന്നും റോംനി ട്വീറ്റിൽ പറഞ്ഞു. 2008ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന പരേതനായ ജോൺ മക്കെയ്‌ന്റെ ഭാര്യ സിൻഡി മക്കെയ്‌ൻ ട്രംപിന്റെ എതിരാളി ബൈഡന്‌ പിന്തുണ പ്രഖ്യാപിച്ചു. 18 വയസ്സുമുതൽ റിപ്പബ്ലിക്കൻ പാർടിക്കുമാത്രം വോട്ട്‌ ചെയ്‌തിട്ടുള്ള താൻ ഇപ്പോഴും റിപ്പബ്ലിക്കൻ പാർടിക്കാരിതന്നെയാണെന്നും അവർ വ്യക്തമാക്കി.

ഇതിനിടെ ‘ടൈം’ വീഡിയോയിൽ അമേരിക്കക്കാരോട്‌ വോട്ട്‌ ചെയ്യാൻ അഭ്യർഥിച്ച സസക്‌സിലെ ഡച്ചസ്‌ മെഗാൻ മാർക്കിളിനെ ട്രംപ്‌ വിമർശിച്ചു. ആർക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ പറഞ്ഞില്ലെങ്കിലും ഇത്തവണത്തെ വൊട്ട്‌ പ്രധാനമാണെന്നും നമ്മൾ വോട്ട്‌ ചെയ്യുമ്പോൾ നമ്മുടെ മൂല്യങ്ങളാണ്‌ നടപ്പാകുന്നതെന്നും നമ്മുടെ ശബ്ദമാണ്‌ കേൾക്കപ്പെടുന്നതെന്നും മെഗാൻ പറഞ്ഞിരുന്നു. ബ്രിട്ടീഷ്‌ രാജകുടുംബാംഗമായ ഭർത്താവ്‌ ഹാരിയാകട്ടെ വിദ്വേഷ പ്രസംഗങ്ങളും ദുഷ്‌പ്രചാരണങ്ങളും തള്ളാൻ ആഹ്വാനം ചെയ്‌തിരുന്നു.

ട്രംപിന്റെ മകൻ മൊഴി നൽകണം


ന്യൂയോർക്‌: പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രിപിന്റെ മകൻ എറിക്‌ ട്രംപ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനുമുമ്പ്‌ കുടുംബ ബിസിനസ്‌ സംബന്ധിച്ച്‌ അന്വേഷണസംഘത്തിന്‌ മൊഴി നൽകണമെന്ന്‌ കോടതിവിധി. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലായതിനാൽ യാത്രകളുടെ തിരക്കായതിനാൽ മൊഴിയെടുക്കൽ നീട്ടിവയ്‌ക്കണം എന്ന എറിക്‌ ട്രംപിന്റെ അഭിഭാഷകന്റെ ആവശ്യം തള്ളിയാണ്‌ സംസ്ഥാന ജഡ്‌ജി ആറതർ എൻഗറൻ ഉത്തരവിട്ടത്‌. ഒക്‌ടോബർ ഏഴിനകം ഹാജരാകാനാണ്‌ എറിക്കിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. കുടുംബത്തിന്റെ കമ്പനിയായ ട്രംപ്‌ ഓർഗനൈസേഷന്റെ ആസ്‌തി സംബന്ധിച്ച്‌ നുണപറഞ്ഞു എന്ന കേസിലാണ്‌ ചോദ്യം ചെയ്യുന്നത്‌. ജൂലൈയിൽ ചോദ്യം ചെയ്യലിനിടെ ഇടയ്‌ക്കുവച്ച്‌ മടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here