ഐക്യരാഷ്‌ട്രകേന്ദ്രം
ഐക്യരാഷ്‌ട്ര സംഘടനയുടെ 75–-ാം വാർഷിക പൊതുസഭാ സമ്മേളനത്തിൽ അമേരിക്കൻ ധാർഷ്ട്യത്തിനെതിരെ ആഫ്രിക്കൻ രാജ്യങ്ങൾ ശബ്ദമുയർത്തി. ആറുപതിറ്റാണ്ടിലധികമായി അമേരിക്ക ക്യൂബയ്‌ക്കുമേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ക്രൂരമായ ഉപരോധം യുഎൻ അവസാനിപ്പിക്കണമെന്ന്‌ വിവിധ ആഫ്രിക്കൻ നേതാക്കൾ ആവശ്യപ്പെട്ടു. ആദ്യമായി യുഎൻ പൊതുസഭാ സമ്മേളനത്തിൽ സംസാരിച്ച സൗദി അറേബ്യയുടെ സൽമാൻ രാജാവ്‌ പലസ്‌തീൻ രാഷ്‌ട്രം യാഥാർഥ്യമാകാതെ ഇസ്രയേലിന്‌ അംഗീകാരം നൽകില്ലെന്ന്‌ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്‌ സിറിൽ റാമഫോസ, നമീബിയൻ പ്രസിഡന്റ്‌ ഹേജ്‌ ഗെയിൻഗോബ്‌, കെനിയൻ പ്രസിഡന്റ്‌ ഉഹൂറു കെനിയാറ്റ തുടങ്ങിയവരാണ്‌ ക്യൂബയ്‌ക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിക്കണം എന്ന്‌ ആവശ്യപ്പെട്ടത്‌. നമീബിയ ക്യൂബൻ സർക്കാരിനെയും ജനതയെയും പിന്തുണയ്‌ക്കുന്നതായി വ്യക്തമാക്കിയ ഗെയിൻഗോബ്‌ ആ കരീബിയൻ രാജ്യത്തിന്റെ പരമാധികാരം മാനിക്കാൻ അമേരിക്കയോട്‌ ആവശ്യപ്പെട്ടു. സിംബാബ്‌വെ, സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങൾക്കെതിരായ അമേരിക്കൻ ഉപരോധവും അവസാനിപ്പിക്കമെന്ന്‌ റാമഫോസ ആവശ്യപ്പെട്ടു.

രണ്ടാംലോകയുദ്ധത്തിൽ തകർന്ന ലോകത്തിന്‌ പ്രത്യാശ നൽകാൻ സൃഷ്ടിക്കപ്പെട്ട യുഎൻ ഇപ്പോൾ ലോകത്തിന്‌ എന്താണ്‌ നൽകുന്നതെന്ന്‌ കെനിയാറ്റ ചോദിച്ചു. ലോകജനതയിൽ 96 ശതമാനം ആളുകളേക്കാൾ പ്രായം യുഎന്നിനുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 75 വർഷം മുമ്പുള്ള ആഗോള ശക്തികൾക്ക്‌ ഇന്നും ആധിപത്യമുള്ള യുഎൻ സംവിധാനം ഉടച്ചുവാർക്കണമെന്നും ആഫ്രിക്കൻ നേതാക്കൾ ആവശ്യപ്പെട്ടു. വെനസ്വേലയ്‌ക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോ, ലോകസമാധാനത്തിന്‌ ഏറ്റവും വലിയ ഭീഷണി അമേരിക്കയാണെന്ന്‌ ചൂണ്ടിക്കാട്ടി.

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം ആഗ്രഹിക്കുന്ന ഇന്ത്യ, ബ്രസീൽ, ജപ്പാൻ, ജർമനി എന്നിവയുടെ വിദേശമന്ത്രിമാർ സംയുക്ത പ്രസ്‌താവനയിൽ യുഎൻ പരിഷ്‌കരണം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനോട്‌ പ്രതികരിച്ച ചൈന ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ ഉൾക്കൊള്ളുന്ന പരിഹാര പാക്കേജിനുവേണ്ടി പ്രവർത്തിക്കാൻ തയ്യാറാണെന്ന്‌ വ്യക്തമാക്കി. രക്ഷാസമിതി പരിഷ്‌കരണം പ്രധാന വിഷയമാണ്. എന്നാൽ, ഇക്കാര്യത്തിൽ അംഗങ്ങൾക്കിടയിൽ വലിയ ഭിന്നതയുണ്ടെന്നും ചൈനയുടെ വിദേശമന്ത്രാലയ വക്താവ്‌ വാങ്‌ വെൻബിൻ പറഞ്ഞു. അത്‌ ചർച്ചയിലൂടെ പരിഹരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here