ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാധിപത്യം ക്ഷയിച്ചുവരുന്നതിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഭരണകൂട വേട്ട മൂലം തങ്ങൾ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുയാണെന്ന ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ അറിയിപ്പ്.

ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യയില്‍ വളരെ ആസൂത്രിതമായ രീതിയില്‍ ആക്രമണങ്ങളും ഭീഷണികളും നേരിടുകയാണെന്നും ഞങ്ങള്‍ ഇന്ത്യയില്‍ അഭൂതപൂര്‍വ്വമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ആംനസ്റ്റി ഇന്ത്യയുടെ റിസേര്‍ച്ച്, അഡ്വക്കസി, പോളിസി ഡയറക്ടര്‍ ശരത് ഖോശ്‌ല ആംനസ്റ്റി ഇന്‍റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്.

ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള ആംനസ്റ്റിയുടെ അന്വേഷണത്തിലും ജമ്മുകശ്മീരിലെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന വിഷയത്തിലും ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല- ശരത് ഖോശ്‌ല പറഞ്ഞു.

ആഗസ്റ്റ് മാസം ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഡല്‍ഹി കലാപത്തിനിടെ പൊലീസ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചിരുന്നു. ഇതേക്കുറിച്ച് ‘പക്ഷപാതപരം, നികൃഷ്ടം’ എന്നെല്ലാമായിരുന്നു ഡൽഹി പൊലീസിന്‍റെ മറുപടി.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്‍റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കശ്മീരില്‍ തടവിലായ രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും വിദ്യാർഥികളെയും മോചിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ആവശ്യപ്പെട്ടിരുന്നു. കശ്മീരിലെ ഇന്‍റര്‍നെറ്റ് എടുത്തു കളഞ്ഞ നടപടിയയെയും വിമര്‍ശിച്ചിരുന്നു. ഭിന്നസ്വരങ്ങളെ ഇന്ത്യ അടിച്ചമർത്തുകയാണെന്ന് അന്താരാഷ്ട്രവേദികളിലും ആംനസ്റ്റി വിമർശനം ഉന്നയിച്ചിരുന്നു.

ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ ചൂണ്ടിക്കാണിച്ചതിന് പല കോണുകളിൽ നിന്നും സംഘടനക്കെതിരെ ആരോപണങ്ങൾ ഉയർന്നു. സംഘടനയുടെ ചില പരിപാടികളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്ന് ആരോപിച്ച് 2016ൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തുവെങ്കിലും മൂന്ന് വർഷങ്ങൾക്ക് ശേഷം കുറ്റവിമുക്തമാക്കി. 2018ൽ ആംനസ്റ്റിയുടെ ബംഗളുരു ഓഫിസിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റ് റെയ്ഡ് നടത്തി. അക്കൗണ്ടുകൾ മരവിപ്പിച്ചു. പിന്നീട് കോടതി ഇടപെൽ മൂലം മരവിപ്പിക്കൽ നടപടി സർക്കാർ റദ്ദാക്കുകയായിരുന്നു.

2019ൽ സംഘടനക്ക് ചെറിയ സംഭാവനകൾ നൽകുന്നവർക്ക് പോലും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റ് കത്തയച്ചതായും ആംനസ്റ്റി പറഞ്ഞു. അതേ വർഷം തന്നെ ആംനസ്റ്റി ഓഫിസ് സി.ബി.ഐ റെയ്ഡ് ചെയ്തു. സംഘടനക്കെതിരെ ആഭ്യന്തര വകുപ്പിന്‍റെ പരാതിയിലായിരുന്നു സി.ബി.ഐ റെയ്ഡ്.

വർഷങ്ങളായി ആംനസ്റ്റിക്കെതിരെ ഭരണകൂടം നടത്തുന്ന പകപോക്കലുകളുടെ അവസാന രൂപമായിരുന്നു ഈ മാസമാദ്യം നടത്തിയ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ. ഇന്ത്യയിലെ നിയമങ്ങളും ഫോറിൻ ഫണ്ട് പോളിസിയും തുടർച്ചയായി ആംനസ്റ്റി ലംഘിക്കുകയാണെന്നാണ് സർക്കാരിന്‍റെ വാദം. എന്നാൽ ഇത് നുണയാണെന്ന് ശരത് ഖോശ് ല ബി.ബി.സി നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചും അന്താരാഷ്ട്ര തലത്തിലുള്ള നിയമങ്ങൾ അനുസരിച്ചും പ്രവർത്തിക്കുന്ന സംഘടനയാണ് ആംനസ്റ്റി ഇന്‍റർനാഷണൽ. 70 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. ഇന്ത്യയുടെ പ്രവൃത്തികൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്നുണ്ടാകും. ഞങ്ങൾ ഇവിടത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് അത്യന്തം വ്യസനത്തോടെയാണെന്നും ഖോശ് ല അറിയിച്ചു.

ആംനസ്റ്റിയുടെ ഇപ്പോഴത്തെ വിമര്‍ശനങ്ങളിൽ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here