വാഷിങ്‌ടൺ: ലോകത്തിന്റെ കണ്ണും കാതും അമേരിക്കയിലാണ്‌. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മണിക്കൂറുകൾ മാത്രം. ചില സംസ്ഥാനങ്ങളിൽ ചൊവ്വാഴ്‌ച പുലർച്ചെ അഞ്ചിന്‌ ആരംഭിക്കുന്ന പോളിങ്‌ ചിലയിടത്ത്‌ രാത്രി 11 വരെ നീളും.

വോട്ടെണ്ണൽ കഴിയുമ്പോൾ തന്നെ വാർത്താ മാധ്യമങ്ങളുടെ എക്‌സിറ്റ്‌ പോളിലൂടെ ഫലം അറിയാറുണ്ടെങ്കിലും ഇത്തവണ അതുറപ്പില്ല. സ്ഥാനാർഥികളിൽ ഒരാൾ തർക്കത്തിന്‌ പഴുതില്ലാതെ വൻ മുന്നേറ്റം നടത്തിയാൽ ഇന്ത്യൻ സമയം ബുധനാഴ്‌ച രാവിലെ ഫലം അറിയാനായേക്കും. 538 അംഗ ഇലക്‌ടറൽ കോളേജിലേക്ക്‌ 270 അംഗങ്ങളെ ലഭിക്കുന്നയാൾ വിജയിക്കും.

വൈറ്റ്‌ഹൗസിലേക്ക്‌ രണ്ടാം അങ്കം നടത്തുന്ന റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെതിരെ മുൻ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡനാണ്‌ ഡെമോക്രാറ്റിക്‌ പാർടിയുടെ സ്ഥാനാർഥി. ബൈഡന്റെ മത്സരപങ്കാളിയായി വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നിർദേശിക്കപ്പെട്ടിരിക്കുന്നത്‌ ഇന്ത്യൻ–-ആഫ്രിക്കൻ വംശജയായ സെനറ്റർ കമല ഹാരിസ്‌. ഇത്‌‌ ഇന്ത്യയിലും ഉദ്വേഗമുയർത്തിയിട്ടുണ്ട്‌.

യുഎസ്‌ കോൺഗ്രസിന്റെ പ്രതിനിധി സഭയിലെ 435 സീറ്റിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റിലേക്കും തെരഞ്ഞെടുപ്പ്‌ നടക്കുന്നുണ്ട്‌. കൂടാതെ 11 സംസ്ഥാനങ്ങളിലും രണ്ട്‌ യുഎസ്‌ അധീന പ്രദേശങ്ങളിലും ഗവർണർ സ്ഥാനത്തേക്കും ചൊവ്വാഴ്‌ച തെരഞ്ഞെടുപ്പുണ്ട്‌.

തെരഞ്ഞെടുപ്പുകാലത്തെ പല പതിവുകളും മഹാമാരി മൂലം മാറ്റിവയ്‌ക്കേണ്ടിവന്ന ഇത്തവണ മുൻകൂർ വോട്ടും തപാൽ വോട്ടും വളരെ വർധിച്ചതിനാൽ 9.3 കോടി വോട്ടർമാർ ഞായറാഴ്‌ചയ്‌ക്കകം വോട്ട്‌ ചെയ്‌തുകഴിഞ്ഞു. കഴിഞ്ഞതവണ ആകെ പോൾ ചെയ്‌ത വോട്ടിന്റെ 65 ശതമാനത്തിലധികമാണിത്‌.

2016ൽ ഹിലരി ക്ലിന്റനെക്കാൾ 30 ലക്ഷത്തോളം വോട്ട്‌ കുറവായിട്ടും ചാഞ്ചാട്ട സംസ്ഥാനങ്ങൾ പിടിച്ച്‌ ഇലക്‌ടറൽ കോളേജിൽ ഭൂരിപക്ഷം നേടിയതാണ്‌ ട്രംപിന്‌ തുണയായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here