ഫ്രാൻസിസ് തടത്തിൽ 
 
 
ന്യൂജേഴ്‌സി: ഫൊക്കാനയിൽ അംഗ സംഘടനകളുടെ എണ്ണം 51 ആയി വർധിച്ചുവെന്ന് ഫൊക്കാന നേതാക്കന്മാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ലീല മാരേട്ടുമായുള്ള അഭിപ്രായ ഭിന്നതകൾ മാറിയതോടെ അംഗത്വം പുതുക്കാനായി ൻ ലീലയ്ക്കു ചെക്കുകൾ നൽകിയ സംഘടനകൾക്ക് കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അംഗീകരിച്ചതിനെ തുടർന്നാണ് അംഗ സംഘടനകളുടെ എണ്ണം 51 ആയി വർധിച്ചതെന്ന് പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു. താൻ ചുമതലയേൽക്കുമ്പോൾ ഫൊക്കാനയിൽ 38 അംഗ സംഘടനകളാണ് ഉണ്ടായിരുന്നത്. മുൻ വർഷത്തേക്കാൾ കൂടുതലായിരുന്നു ഇത്. എന്നാൽ ലീലയുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിച്ചതോടെ ലീലയ്ക്ക് പിന്തുണ നൽകിയിരുന്ന 13 സംഘടനകൾ കൂടി അംഗത്വം പുതുക്കി. ഇതോടെയാണ് അംഗ സംഘടനകളുടെ എണ്ണം 51 ആയി ഉയർന്നതെന്ന് ഫൊക്കാന നേതാക്കൾ വ്യക്തമാക്കി.
 
 ഫൊക്കാനയിൽ 2006 ൽ ഉണ്ടായ വിഭജനത്തിനു ശേഷം ആദ്യമായിട്ടാണ് ഇത്രയും അംഗസംഘടനകൾക്ക് അഗത്വം നൽകിയത്.ഏതാണ്ട് 25 ലധികം സംഘടനകൾ അംഗത്വത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഫൊക്കാനയുടെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം സംഘടനകൾക്ക് അംഗത്വം നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് അംഗസംഘടനകളുടെ  എണ്ണം ഇനിയും വർധിക്കുമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. ഫൊക്കാനയുടെ പേരു പറഞ്ഞു  ഏതാനും ആളുകൾ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന്  പറഞ്ഞ ഫിലിപ്പോസ് ഫിലിപ്പ് അവർക്കൊപ്പം 41 സംഘടനകൾ പറയുന്നതിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
പുതുതായി ചേർത്തുവെന്ന് പറയുന്ന 16 സംഘടനകളിൽ പലതും വെറും കടലാസ് സംഘടനകളാണെന്നും അവയിൽ ചില സംഘടനകൾ ചില വ്യക്തികളുടെ കുടുംബാംഗങ്ങൾ തട്ടിക്കൂട്ടിയുണ്ടാക്കിയ സംഘടനകൾ വരെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർ നടത്തുന്ന പല പത്ര പ്രസ്താവനകളും സത്യവിരുദ്ധമാണ്. ഒക്ടോബര്‍31 നു മീറ്റിംഗ് നടത്തിയെന്നു പറഞ്ഞുള്ള വാർത്തകൾ കണ്ടു. ഇത് തികച്ചും  നിയമ വിരുദ്ധമാണ്. പ്രസിഡണ്ട് റദ്ധാക്കിയ മീറ്റിംഗ് നടത്താൻ സെക്രട്ടറിക്ക് യാതൊരു അവകാശവുമില്ല. ട്രസ്റ്റി ബോർഡ് പിരിച്ചു വിട്ടു പുതിയ ചെയർമാനെ വരെ തെരെഞ്ഞെടുത്തുവെന്നും വാർത്തകണ്ടു. ട്രസ്റ്റി ബോർഡിനെ പിരിച്ചു വിടാൻ ആർക്കും അധികാരമില്ല. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം സത്യ വിരുദ്ധമായ വാർത്തകൾ നൽകുന്നവരുടെ പത്ര പ്രസ്താവനകളുടെ യാഥാർഥ്യം മനസിലാക്കാൻ മധ്യപ്രവർത്തകരും സുമനസു കാട്ടണമെന്നും ഫിലിപ്പോസ് അഭ്യർത്ഥിച്ചു. എബ്രഹാം ഈപ്പനും പോൾ കറുകപ്പള്ളിയിയുമാണ് ചർച്ചയ്ക്കു തുടക്കം കുറിച്ചത്. ഏതാണ്ട് 16 തവണ ചർച്ചകൾ നടത്തിയിട്ടു തന്നെയാണ് വ്യക്തമായ ധാരണയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
 
 
കോവിഡ് മഹാമാരി മൂലം ഫൊക്കാനയ്ക്ക് നഷ്ടമായത് ചരിത്ര സംഭവമായി മാറേണ്ടിയിരുന്ന ഒരു കൺവെൻഷൻ ആയിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് മാധവൻ ബി. നായർ പറഞ്ഞു. കോവിഡ് മഹാമാരി സൃഷ്ട്ടിച്ച  ചില പരിമിതികൾ ആയിരുന്നു എല്ലാ പ്രതിസന്ധികളുടെയും പ്രശ്നങ്ങളുടെയും മൂല കാരണമെന്നും അദ്ദേഹം വ്യക്തമാക്കി  ഫൊക്കാന ഒന്നാണെന്നും ഫൊക്കാനയുടെ കെട്ടുറപ്പിനാണ് താൻ എക്കാലവും നിലനിന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
 
രണ്ടു തവണ എടുത്തു പറയാവുന്ന  ശക്തമായ നിലപാടുകൾ താൻ എടുത്തിട്ടുണ്ട്. ഒന്ന് : 2016 ൽ ഫൊക്കാനയെ പിളർപ്പിൽ നിന്ന് ഒഴിവാക്കാൻ തമ്പി ചാക്കോയ്ക്ക് വേണ്ടി പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് താൻ മാറിക്കൊടുത്തു. രണ്ടാമത്തേത് കോവിഡ് പ്രതിസന്ധി മൂലം ഉടലെടുത്ത പ്രതിസന്ധി ഘട്ടത്തിൽ ഫൊക്കാനയുടെ കെട്ടുറപ്പിനുവേണ്ടി താൻ ഒരു ഒത്തു തീർപ്പ് വ്യവസ്ഥയ്ക്ക് തയാറായി. ഇക്കാലയളവിൽ താൻ നില നിന്നിരുന്ന വിഭാഗത്തിലെ ചിലരുടെ നിലപാടുകളുമായി ഒരു തരത്തിലും പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാലാണ് താൻ ഫൊക്കാനയുടെ കെട്ടുറപ്പിനു വേണ്ടി ഒത്തുതീർപ്പ് വ്യവസ്ഥകളുമായി മുന്നോട്ടുപോകാനുള്ള നിലപാട് സ്വീകരിച്ചത്. അവർക്കൊപ്പം 41 സംഘടനകൾ ഉണ്ടെന്നുള്ള അവകാശവാദം നാലിൽ ഒന്ന് എന്നായിരിക്കാം ഉദ്ദേശിച്ചതെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.
 
ഫൊക്കാനയുടെ മുന്നോട്ടുള്ള യാത്രയിൽ വീണ്ടും ഒരുപാടു തടസങ്ങൾ നേരിട്ടേക്കാം. എന്നാൽ നാം ഒഴുക്കിനൊപ്പം നീന്തുക എന്ന നിലപാട് സ്വീകരിക്കുക മാത്രമാണ് ഇത്തരുണത്തിൽ ചെയ്യേണ്ടതെന്നും മാധവൻ ബി. നായർ ഓർമ്മിപ്പിച്ചു. എല്ലാവരെയും  ഉൾക്കൊണ്ടുകൊണ്ട് ഏവർക്കും  സ്വീകാര്യമായ വ്യവസ്ഥകൾ ആണ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് നേതൃത്വം വഹിച്ചവർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മുൻ നിലപാടുകൾ എല്ലാം മാറ്റിക്കൊണ്ട് ഈ നിമിഷം മുതൽ  ജോർജി വർഗീസ് നേതൃത്വം നൽകുന്ന ഫൊക്കാനയുടെ ഭരണ സമിതിയുമായി യോജിച്ചു കൊണ്ട് ഫൊക്കാനയുടെ മുന്നോട്ടുള്ള സുഗമമായ പ്രവത്തനങ്ങൾക്കായിരിക്കും താൻ പ്രവർത്തിക്കുകയെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. എല്ലാ ആരോപണ- പ്രത്യാരോപണങ്ങൾ എല്ലാം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
മാധവൻ നായരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലം വളരെ മഹത്തായ കാര്യങ്ങൾ ആണ് നടന്നിട്ടുള്ളതെന്ന് ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ് പറഞ്ഞു. ഫൊക്കാനയുടെ പേരും പെരുമയും ലോകം മുഴുവനുമെത്തിക്കാൻ ഇക്കഴിഞ്ഞ കേരള കൺവെൻഷനിലൂടെ മാധവൻ നായർക്ക് കഴിഞ്ഞുവെന്ന് ഡോ. മാമ്മൻ സി. ചൂണ്ടിക്കാട്ടി. കേരള ഗവർണറും മുഖ്യമന്ത്രിയുമൊക്കെ ഉൾപ്പെടുന്ന ഒരുപാട് നേതാക്കന്മാരുടെ പങ്കാളിത്തത്തോടെ ജനുവരിയിൽ നടന്ന  കേരള കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മേളനമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളിയിലും പള്ളിക്കൂടത്തിലും എപ്പോഴും പ്രശ്നമുണ്ടാക്കുന്ന ചിലർ സമൂഹത്തിലുണ്ട്. അത്തരക്കാരെ തിരിച്ചറിയാൻ മാധ്യമപ്രവർത്തകർ തയാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
 
ഫൊക്കാനയ്ക്ക് ഒരു ഭരണഘടന മാത്രമേയുള്ളുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ജോർജി വർഗീസ് പറഞ്ഞു. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക അഥവാ ഫൊക്കാന എന്നപേരിലാണ്  ഈ സംഘടന രെജിസ്റ്റർ ചെയ്തതെന്നും ഓരോ സമയത്തും പ്രസിഡണ്ട് ആകുന്നവർ ടാക്‌സ് ആനുകൂല്യങ്ങൾക്ക് വേണ്ടി അവരവരുടെ സ്റ്റേറ്റുകളിലും കോർപ്പറേഷൻ ആയി രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. 1985 ൽക്യുൻസിൽ കോർപറേഷൻ ആയി രെജിസ്റ്റർ ചെയ്ത സംഘടന പിന്നീട് വന്ന ഭരണ സമിതികൾ അവിടെ ടാക്‌സ് ഫയൽ ചെയ്യാതിരുന്നതിനാൽ ആക്റ്റീവ് അല്ലാതെ ആയി മാറി. 
 
2006 ഉണ്ടായ പിളർപ്പിനെ തുടർന്ന് 2008 ൽപാര്ഥസാരഥിപിള്ളയാണ് മെരിലാൻഡിൽ വീണ്ടും INC ആയി രെജിസ്റ്റർ ചെയ്തത്, അന്നും ഇന്നും ഫൊക്കാനയ്ക്ക് ഒരേ പേര് തന്നെയാണ്. പല സ്റ്റേറ്റുകളിലും ടാക്‌സ് അനുകൂല്യങ്ങൾക്കായി രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും മെരിലാന്റിലെ രേങിസ്ട്രറേൻ ആണ് ഔദ്യോഗികമായി കണക്കാക്കുന്നത്. ഭരണഘടനയിൽ കാലാകാലങ്ങളിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ടെങ്കിലും ഒരേ ഭരണഘടന തന്നെയാണ് ഫൊക്കാനയിൽ നിലനിൽക്കുന്നതെന്നും ഫിലിപ്പോസ് വ്യക്തമാക്കി.
 
ഫൊക്കാനയുടെ അംഗ സംഘടനകളുടെ പ്രസിഡണ്ടുമാർ സംയുക്തമായി ഒരു പ്രസ്താവന ഇറക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ഡോ. മാമ്മൻ സി, ജേക്കബ് പറഞ്ഞു. ഒക്ടോബർ 21 നു നടക്കുന്ന അധികാര കൈമാറ്റത്തിനു ശേഷം ലീല  മാരേട്ടിനു അർഹമായ സ്ഥാനമാനങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടുചേർത്തു. തനിക്കൊപ്പം നിന്നവർ കേസ് കൊടുത്തതിനാലാണ് കൂടെ വരാതിരുന്നതെന്ന് ലീല മാരേട്ട് പറഞ്ഞു. കേസ് ജയിച്ചാലും റീ ഇലെക്ഷൻ നടത്തണം. തങ്ങൾക്കൊപ്പം സംഘടനകൾ ഇല്ലാത്തതിനാൽ താൻ വിജയിക്കില്ല എന്ന് ഉറപ്പാണ്. അതിലും ഭേദം അനുരഞ്ജനത്തിലൂടെ ഒരുമിച്ചു പോകുകയാണെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ലീല വ്യകതമാക്കി. 
 
ഫൊക്കാനയുടെ പേരിൽ മറ്റു സംസ്ഥാനങ്ങളിൽ  രൂപീകരിച്ചിട്ടുള്ള എല്ലാസമാന്തര സംഘടനകളും ഡിസംബർ 31 നകം  പിരിച്ചു വിടാൻ നടപടി സ്വീകരിക്കുമെന്ന് ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ പറഞ്ഞു.  മെരിലാൻഡിൽ രെജിസ്റ്റർ ചെയ്ത ഇൻ കോർപറേഷനിലാണ് ടാക്‌സ് ഫയൽ ചെയ്തു വരുന്നത്. ഹ്യൂസ്റ്റണിൽ ഉള്ള ഫാ. ജോൺസൺ പുഞ്ചക്കോണം നേതൃത്വം നൽകിയതുകൊണ്ടാണ് ഒത്തുതീർപ്പ് ചര്ച്ച വിജയകരമായതെന്നും അദ്ദേഹം പറഞ്ഞു.
 
ഫൊക്കാനയുടെ വളർച്ച മുന്നിൽ കണ്ടുകൊണ്ടാണ് ഭാവിയിലേക്കുള്ള ഭരണ സമിതിക്ക് നേതൃത്വം നൽകുന്നവരെ മുൻകൂട്ടി തീരുമാനിക്കുന്നതെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കറുകപ്പള്ളിൽ പറഞ്ഞു. ഫൊക്കാനയുടെ 2026 വരെയുള്ള പ്രസിഡണ്ട്മാരെ ഇപ്പോഴേ തീരുമാനിച്ചുകഴിഞ്ഞതിനെക്കുറിച്ചു ആരാഞ്ഞപ്പോഴാണ് അദ്ദേഹം മറുപടി നൽകിയത്. ഫൊക്കാനയുടെ കൺവെൻഷൻ രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും നടക്കണമെങ്കിൽ അതിനു നേതൃത്വം നൽകാൻ പ്രാപ്‌തരായവരെ മുൻകൂട്ടി കണ്ടെത്തണം. എങ്കിൽ മാത്രമേ സംഘടന വളരു.- അദ്ദേഹം വ്യക്തമാക്കി.
 
മാധവൻ നായർ കമ്മിറ്റിയുടെ അധികാരകൈമാറ്റവും ജോർജി വർഗീസ് കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനവും നവംബർ 21 നു ശനിയാഴ്ച്ച നടത്തുമെന്ന് നേതാക്കന്മാർ വ്യക്തമാക്കി. ന്യൂജേഴ്‌സിയിലെ പിസ്ക്കാറ്റവെയിലുള്ള ദിവാൻ റെസ്റ്റാന്റിൽ വച്ചായിരിക്കും പരിപാടികൾ നടക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തുന്ന അധികാര കൈമാറ്റ ചടങ്ങ് ഹൈബ്രിഡ്‌ ആയിട്ടാണ് നടത്തുന്നത്. ഏതാനും പേർ മാത്രം നേരിട്ടും ബാക്കിയുള്ളവർക്കായി വെർച്വൽ ആയിട്ടുമാണ് ചടങ്ങിൽ പങ്കെടുക്കാൻ കഴിയുക. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.ഫൊക്കാനയുടെ ബാഹൃത്തായ ഭാവി പരിപാടികൾ 21 നു നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് സെക്രെട്ടറി സജിമോൻ ആന്റണി അറിയിച്ചു.
 
 
മാധവൻ നായർ അധ്യക്ഷത വഹിച്ച സൂം മീറ്റിംഗിൽ പോൾ കറുകപ്പള്ളിൽ സ്വാഗതവും ഫിലിപ്പോസ് ഫിലിപ് നന്ദിയും പറഞ്ഞു. ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, ട്രസ്റ്റി ബോർഡ് വൈസ് പ്രസിഡണ്ട് ബെൻ പോൾ, ട്രസ്റ്റി ബോർഡ് മെമ്പർ എബ്രഹാം ഈപ്പൻ, ടെക്‌സാസ് ആർ.വി.പി. ഡോ. രഞ്ജിത്ത് പിള്ള, നാഷണൽ കമ്മിറ്റി അംഗം സ്റ്റാൻലി എത്തുനിക്കൽ ഫൊക്കാന മുൻ പ്രസിഡണ്ട് ജി. കെ. പിള്ള, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ, അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ജോജി തോമസ്, വർഗീസ് പോത്താനിക്കാട്, ആൻഡ്രൂസ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. മാധ്യമ പ്രവർത്തകരായ ജോർജ് ജോസഫ്, ഡോ. ജോർജ് കാക്കനാട്, ഫ്രാൻസിസ് തടത്തിൽ, ജോസ് കാടാപുറം,സുനിൽ തൈമറ്റം, സജി എബ്രഹാം, ബിനു ചിലമ്പത്ത് തുടങ്ങിയവർ ചോദ്യങ്ങൾ ചോദിച്ചു.
 
 
 
 
 
 
 
 
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here