ന്യൂഡൽഹി: കാർഷിക പരിഷ്‍കരണ നിയമത്തിനെതിരായ കർഷകരുടെ പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് കടന്നതോടെ അനുനയ നീക്കവുമായി കേന്ദ്ര സർക്കാർ. ഡിസംബർ മൂന്നിന് കർഷക സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്നും സമരം ഉപേക്ഷിക്കണമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.ഡൽഹി ചലോ മാർച്ചിന്റെ ഭാഗമായി ഡൽഹിയിലെത്തുന്ന കർഷകർക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി. വെള്ളം, ശുചി മുറികളും തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവർക്കായി ഒരുക്കും. കാർഷിക ബില്ലിനെതിരായ കർഷകരുടെ സമരം രണ്ടാം ദിവസം വലിയ സംഘർഷങ്ങളിലേക്കാണ് കടന്നത്. ഇതോടെ കർഷകരെ ഡൽഹിയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന നിലപാട് സർക്കാർ പിൻവലിക്കുകയായിരുന്നു.

ഹരിയാന ‌ഡൽഹി അതിർത്തിയായ സിംഗുവുൽ എത്തിയ കർഷകർക്ക‌് നേരെ പൊലീസ് പലതവണ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പൊലീസിന്റെ പ്രതിരോധത്തിന് മുന്നിൽ പിന്തിരിയാത്ത കർഷകർ ഉച്ചയോടെ ബാരിക്കേഡുകൾ തകർത്ത് മുന്നിലേക്ക് നീങ്ങി. ഇത് കൂടുതൽ സംഘർഷങ്ങളിലേക്ക് വഴിവച്ചു.തുടർന്ന് പൊലീസിന് നേരെയും തിരിച്ചും കല്ലേറുകൾ ഉണ്ടായി.റോഡിന് കുറുകെ പൊലീസ് നിറുത്തിയിട്ട മണ്ണ് നിറച്ച ട്രക്ക് സമരക്കാർ കയ്യടക്കുകയും ഇത് ഉപയോഗിച്ച് ബാരിക്കേഡുകൾ ഇടിച്ചുനിരത്തി മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന് പൊലീസ് കർഷകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. ഇതോടെയാണ് അനുനയ നീക്കവുമായി പാെലീസ് എത്തിയത്. കർഷകരെ ഡൽഹിയിലേക്ക് കടത്തിവിടാമെന്നും എന്നാൽ പാർലമെന്റ് പരിസരത്തോ രാംലീല മൈതാനിയിലോ സമരം നടത്തരുതെന്നും പൊലീസ് അറിയിച്ചു. ഇത് അംഗീകരിച്ചാണ് പൊലീസ് സമരക്കാരെ ‌ ഡൽഹിയിലേക്ക് കടക്കാൻ അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here