ദോഹ: ഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായി അവതരിപ്പിച്ച പുതിയ സീരിസ് കറൻസികൾ പ്രാബല്യത്തിൽ വന്നു. ദേശീയ ദിനമായ വെള്ളിയാഴ്ച മുതലാണ് നോട്ടുകൾ പ്രാബല്യത്തിൽ വന്നത്. എടി.എമ്മുകളിൽ നിന്നും പുതിയ നോട്ടുകൾ ലഭിച്ചു തുടങ്ങി. ഖത്തറിൽ ആദ്യമായി 200 റിയാലിന്റെ കറൻസിയും മറ്റ് നോട്ടുകളുടെ അഞ്ചാമത് സീരീസും ഖത്തർ സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.അതേസമയം, നിലവിലുള്ള പഴയ നോട്ടുകൾ പെട്ടെന്ന് പിൻവലിക്കില്ലെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. മൂന്ന് മാസം വരെ പ്രാദേശിക ബാങ്കുകൾ വഴിയും അതിന് ശേഷം ഖത്തർ സെൻട്രൽ ബാങ്ക് വഴിയും പഴയ നോട്ടുകൾ മാറിയെടുക്കാനാവും.

പരമ്പരാഗത ജ്യാമിതീയ രൂപങ്ങൾ, ഖത്തർ ദേശീയ പതാക, ദരീമ അഥവാ ഖത്തരി സസ്യങ്ങൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് പുതിയ നോട്ടുകളിലെ മുൻഭാഗത്തെ ഡിസൈൻ.

നോട്ടുകളുടെ പിൻഭാഗത്ത് ഖത്തറിന്റെ പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സംസ്‌കാരം, ഖത്തറിലെ സസ്യ ജന്തുജാലങ്ങൾ, വിദ്യാഭ്യാസ വികസനം, കായിക രംഗം, സാമ്പത്തിക മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട ഡിസൈനുകളാണുള്ളത്.

ഷേഖ് അബ്ദുല്ല ബിൻ ജാസിം അൽതാനിയുടെ കൊട്ടാരം, ഖത്തർ നാഷണൽ, മ്യൂസിയം, മ്യൂസിയം ഒഫ് ഇസ്ലാമിക് ആർട്ട് എന്നിവയുടെ ചിത്രങ്ങൾ 200 റിയാലിലുണ്ട്.

നിരവധി സുരക്ഷാ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ കറൻസികൾ ഇറക്കിയിരിക്കുന്നത്. കാഴ്ചാ വെല്ലുവിളികൾ നേരിടുന്നവർക്ക് തൊട്ടറിയുന്നതിനായി നോട്ടിലെ അക്കങ്ങളും തിരശ്ചീന രേഖയും നോട്ടിന്റെ പ്രതലത്തിൽ നിന്ന് അൽപ്പം ഉയർത്തി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here