മനാമ: കോവിഡിനെതിരെ ഗൾഫ് രാജ്യങ്ങളിൽ കുത്തിവയ്‌പ്‌ ഊർജിതം. ചൈനയിലെ സിനോഫാം, അമേരിക്കയിലെ ഫൈസർ എന്നീ വാക്‌സി‌നുകളാണ് നൽകുന്നത്. പൗരന്മാർക്കും പ്രവാസികൾക്കും വാക്‌സിൻ സൗജന്യം.

ഒമാനിൽ വാക്‌സിനേഷൻ ഞായറാഴ്ച ആരംഭിച്ചതോടെ ആറു ഗൾഫ് രാജ്യങ്ങളിലും കുത്തിവയ്‌പായി. യുഎഇയിലാണ് വാക്‌സിനേഷൻ ആദ്യം ആരംഭിച്ചത്. തുടർന്ന് ബഹ്‌റൈൻ, സൗദി, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലും തുടങ്ങി. ദിവസങ്ങൾ ഇടവിട്ട് രണ്ടു ഡോസ് വാക്‌സിനാണ് നൽകുന്നത്.

യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ സിനോഫാം, ഫൈസർ എന്നീ വാക്‌സിനുകൾക്ക് അനുമതിയുണ്ട്. മറ്റു രാജ്യങ്ങളിൽ ഫൈസർ വാക്‌സിനാണ്. കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ പ്രായമായവർ, വിട്ടുമറാത്ത രോഗമുള്ളവർ, കോവിഡ് രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് മുൻഗണന.സിനോഫാം വാക്‌സിൻ ആദ്യമായി പൊതുജനങ്ങൾക്ക് നൽകാൻ ആരംഭിച്ചത് യുഎഇയാണ്. രാജ്യത്തെ ഏഴു എമിറേറ്റിലും വാക്‌സിൻ ലഭ്യമാണ്.

ബഹ്‌റൈനിൽ വാക്‌സിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. സിനോഫാം, ഫൈസർ എന്നീ വാക്‌സിനുകൾ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. 18 വയസ്സിന് മുകളിലുള്ള ഏതാണ്ട് 15 ലക്ഷത്തോളം പൗരന്മാർക്കും പ്രവാസികൾക്കും വാക്‌സിൻ നൽകും. ഭരണാധികാരി ഹമദ് രാജാവ് വാക്‌സിൻ സ്വീകരിച്ചാണ് കുത്തിവയ്‌പിന് തുടക്കമിട്ടത്.സൗദിയിൽ ഇതുവരെ അഞ്ചര ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വാക്‌സിൻ സ്വീകരിച്ചു.

വ്യാഴാഴ്ചയാണ് കുവൈത്തിൽ ഫൈസർ വാക്‌സിൻ നൽകാനാരംഭിച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് സബാ അൽ-ഖാലിദ് അൽ-സബായാണ് ആദ്യ വാക്‌സിൻ സ്വീകരിച്ചത്. ഖത്തറിൽ ബുധനാഴ്ചയാണ് കുത്തിവയ്‌പ്‌ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here