മനാമ: വിദേശ യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സൗദി അറേബ്യ ഒരാഴ്ചത്തക്കൂകൂടി നീട്ടി. കര, കടല്‍ മാര്‍ഗം രാജ്യത്തേക്കുള്ള പ്രവേശനവും നിരോധിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ആവശ്യമാണെങ്കില്‍ വിലക്ക് നീട്ടുമെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ തിങ്കളാഴ്ച അറിയിച്ചു.

എന്നാല്‍, കോവിഡ്-19 പ്രതിരോധ മാര്‍ഗങ്ങള്‍ പാലിച്ച് വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. ഇവരെ കൊണ്ടുപോകാന്‍ വിദേശ എയര്‍ലൈന്‍സുകള്‍ക്ക് സൗദിയിലേക്ക് ചാര്‍ട്ടര്‍ സര്‍വീസ് നടത്താം.

ബ്രിട്ടനിടക്കം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിതകമാറ്റം വന്ന കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തില്‍ ഡിസംബര്‍ 20 നാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് സൗദി നിര്‍ത്തിവെച്ചത്.

ഞായറാഴ്ചയാണ് വിദേശികള്‍ക്ക് പുറത്തേക്ക് പോകാന്‍ അനുമതി നല്‍കിയത്. ചാര്‍ട്ടര്‍ വിമാനങ്ങളിലെ പൈലറ്റുമാരും ജീവനക്കാരും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങരുത്. നാട്ടില്‍നിന്ന് യാത്രക്കാരെ കയറ്റരുത്. ജനിതകമാറ്റം വന്ന പുതിയ കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍ക്ക് ഇത് ബാധകമല്ല. അവിടേക്കും തിരിച്ചുമുള്ള സര്‍വീസ് വിലക്ക് തുടരും. സ്വദേശികള്‍ക്ക് യാത്രാ അനുമതിയില്ല.

തിങ്കളാഴ്ച പ്രവേശന വിലക്ക് നീട്ടിയത് തിരിച്ചുവരാന്‍ കാത്തിരിക്കുന്ന മലയാളി പ്രവാസികള്‍ക്ക് പ്രയാസമാകും. വിമാന വിലക്ക് നിലവില്‍ വരുംമുന്‍പ് യുഎഇ വഴിയായിരുന്നു പ്രവാസികള്‍ സൗദിയില്‍ പ്രവേശിച്ചിരുന്നത്. യാത്ര പുറപ്പെടുന്നതിനുമുമ്പ് 14 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് സൗദിയില്‍ വിലക്കുണ്ട്. ഇത് മറികടക്കാന്‍ സന്ദര്‍ശനവിസയില്‍ ദുബായിലെത്തി അവിടെ 14 ദിവസം തങ്ങി കോവിഡ് പരിശോധന നടത്തിയായരുന്നു പ്രവാസികള്‍ എത്തിയിരുന്നത്. വിലക്ക് അനിശ്ചിതമായി നീണ്ടാല്‍ ഇവര്‍ക്ക് തിരിച്ചുപോകേണ്ടിവരുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here