
ദോഹ. ജാതി മത ചിന്തകള്‍ക്കതീതമായി എല്ലാവരേയും ഒരു പോലെ കാണണമെന്ന് നിഷ്‌കര്‍ശിക്കുന്ന മതേതരത്വമാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും മതേതര ഇന്ത്യയുടെ വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ക്ക് ഊടും പാവും നല്‍കിയ മഹാനായിരുന്നു മൗലാന അബുല്‍ കലാം ആസാദെന്നും ദേശീയ വിദ്യാഭ്യാസ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസ് ദോഹയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അറിവും തിരിച്ചറിവും പകര്‍ന്നുനല്‍കുന്ന വിവേകമാണ് രാജ്യത്ത് പുരോഗതിയും സമാധാനവും ഉറപ്പുവരുത്തുകയെന്ന മഹത്തായ സന്ദേശമാണ് അബുല്‍ കലാം ആസാദ് തന്റെ ജീവിതത്തിലൂടെ ഉയര്‍ത്തിപ്പിടിച്ചത്.
ദേശീയ ബോധവും മതനിരപേക്ഷവുമായ കാഴ്ചപ്പാടും ചിന്തകളുമാണ് അബുല്‍ കലാം ആസാദിനെ വ്യതിരിക്തനാക്കുന്നതെന്നും അദ്ദേഹത്തിന്റെ ജന്മ ദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ഏറെ പ്രസക്തമാണെന്നും ചര്‍ച്ച ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെ. കെ. ഉസ്മാന്‍ അഭിപ്രായപ്പെട്ടു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിലും നിരന്തരമായ വായനയും അന്വേഷണങ്ങളും അബുല്‍കലാം ആസാദിന്റെ ചിന്തയേയും നിലപാടുകളേയും വിവേകപൂര്‍ണമാക്കി. ആത്മീയവും ഭൗതികവുമായ നിരവധി വിജ്ഞാനങ്ങളുടെ കലവറയായിരുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനും രാഷ്ട്ര ശില്‍പികളിലെ മുന്‍നിര പോരാളിയുമായത് ഏറെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്.
പണ്ഡിത കുടുംബത്തില്‍ പിറന്ന അബുല്‍ കലാം ആസാദ് സ്വന്തം മാതാവില്‍ നിന്നും പിതാവില്‍ നിന്നുമാണ് മിക്ക വിജ്ഞാനീയങ്ങളും അഭ്യസിച്ചത് എന്നത് സമകാലിക ലോകത്തെ കുടുംബങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും മാതൃകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി പറഞ്ഞു. മതരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തിയ അദ്ദേഹം ഭരണ രംഗത്തും പൊതു പ്രവര്‍ത്തന മേഖലയിലും വേറിട്ട മാതൃകയാണ് സമ്മാനിച്ചത്. ആത്മീയ ചിന്തയും പഠനങ്ങളുമൊക്കെയാണ് ആസാദിന്റെ സ്വാതന്ത്ര്യ സങ്കല്‍പത്തിന് ചാരുതയേകിയത് എന്ന കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
മതഭൗതിക വിജ്ഞാനങ്ങളുടെ സമന്വയിപ്പിച്ച് സന്തുലിത വ്യക്തിത്വമായിരുന്നു അബുല്‍ കലാം ആസാദെന്ന് വിറ്റാമിന്‍ പാലസ് റീജ്യണല്‍ ഡയറക്ടര്‍ സിദ്ധീഖ് താനൂര്‍ പറഞ്ഞു.
ഇന്ത്യയിലെ വിജ്യാഭ്യാസ മുന്നേറ്റത്തിന്റെ അടിത്തറപാകിയ മഹാനാണ് അബുല്‍ കലാം ആസാദെന്ന് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഉണ്ണി ഒളകര പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്ത് പുരോഗതി സാക്ഷാല്‍ക്കരിക്കാനാവുകയുള്ളൂ എന്ന് ഉറച്ച് വിശ്വസിച്ച അബുല്‍ കലാം ആസാദാണ് പതിനാല് വയസ്സുവരെയുളള വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് വ്യവസ്ഥ ചെയ്തത്.
അബുല്‍ കലാമിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് നമുക്ക് എന്തു സംഭാവനചെയ്യുവാന്‍ കഴിയുമെന്നമതാണ് ഏറെ പ്രസക്തമെന്ന് മൈന്റ് പവര്‍ ട്രെയിനറും സക്‌സസ് കോച്ചുമായ മശ്ഹൂദ് തിരുത്തിയാട് ഓര്‍മിപ്പിച്ചു. ഭൗതികമായ എന്തു നേട്ടം ലഭിക്കുമെന്നതിനേക്കാളും എന്ത് സംതൃപ്തിയാണ് നമുക്ക് ലഭിക്കുന്നത് എന്നതിനാണ് നാം പ്രാധാന്യം നല്‍കേണ്ടത്. ആ നിലക്ക് ജനസഞ്ചയങ്ങളെ വാര്‍ത്തെടുക്കുന്ന മഹത്തായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ വഴികാട്ടിയാണ് അബുല്‍ കലാം ആസാദെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുല്‍ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയില്‍ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങള്‍ക്കും തുടക്കംകുറിച്ചവരില്‍ പ്രധാനിയായിരുന്നു മൗലാനാ അബുള്‍കലാം ആസാദ്. 1888 നവംബര്‍ 11ന് മക്കയില്‍ ജനിച്ച മൗലാനാ അബുള്‍ കലാം ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് ഭാരതം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്
ദേശീയ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്‌കരിക്കാനായി അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ പല ധാരകളിലൂടെ പല തലങ്ങളില്‍ വിദ്യാഭ്യാസം നടന്നിരുന്ന ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസത്തിന്റെ ശക്തമായ ഏകരൂപം ഉണ്ടാക്കിയെടുത്തത് അദ്ദേഹമാണ്. സൗജന്യ െ്രെപമറി വിദ്യാഭ്യാസവും രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ശക്തി കേന്ദ്രങ്ങളും അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്ന് ഉദയം കൊണ്ടതാണ്. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ജാതിമത പ്രാദേശിക ലിംഗ ഭേദമന്യേ മതിയായ ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയം ഉണ്ടാക്കിയെടുത്തത് മൗലാനാ അബുല്‍ കലാം ആസാദായിരുന്നു. മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
ദേശീയ വിദ്യാഭ്യാസ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസ് സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് ഒ.ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെ.കെ ഉസ്മാന്‍ സംസാരിക്കുന്നു.