ദോഹ: കോവിഡ്–19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മഹാമാരിക്കെതിരായ പോരാട്ടത്തി​െൻറ ഭാഗമായി അന്താരാഷ്​ട്രസംഘടനകളുമായി ഖത്തർ ചാരിറ്റി ഒപ്പുവെച്ചത് നിരവധി കരാറുകൾ. യുനിസെഫ്, ഐക്യരാഷ്​ട്രസഭ അഭയാർഥി ഹൈക്കമ്മീഷണർ (യു. എൻ.എച്ച്.സി.ആർ) തുടങ്ങിയവ ഉൾപ്പെടെ വിവിധ അന്താരാഷ്​ട്രസന്നദ്ധ, മനുഷ്യാവകാശ, ദുരിതാശ്വാസ സംഘടനകളുമായാണ് ഖത്തർ ചാരിറ്റി കരാർ ഒപ്പുവെച്ചിരിക്കുന്നത്. ആഗോള തലത്തിൽ കോവിഡ്–19 വ്യാപനം തടയുകയും അടിയന്തര ദുരിതാശ്വാസ, ജീവകാരുണ്യ, മെഡിക്കൽ സഹായം എത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഖത്തർ ചാരിറ്റി കരാറുകളിലേർപ്പെട്ടിരിക്കുന്നത്.

കോവിഡ്–19 റിപ്പോർട്ട്​ ചെയ്യപ്പെട്ടതിനുശേഷം ലബനാനിലെ സിറിയൻ അഭയാർഥികളെ സഹായിക്കുന്നതിനായി യു. എൻ.എച്ച്.സി.ആറുമായി 1.5 മില്യൻ ഡോളറി​െൻറ കരാറിലാണ് ഖത്തർ ചാരിറ്റി ഒപ്പുവെച്ചത്. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ സിറിയൻ അഭയാർഥികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ സഹായം എത്തിക്കുന്നതിനും കരാറിലൂടെ ഖത്തർ ചാരിറ്റിക്ക് സാധിച്ചു.
യു.എൻ ഓഫീസ്​ ഫോർ ദി കോർഡിനേഷൻ ഹ്യൂമാനിറ്റേറിയൻ അഫേഴ്സുമായും ഖത്തർ ചാരിറ്റി കരാർ ഒപ്പുവെച്ചിട്ടുണ്ട്. സിറിയയിൽ 14 കമ്മ്യൂണിറ്റി ബേസ്​ഡ് ക്വാറൻറീൻ സ​െൻററുകളാണ് ഇതിലൂടെ ഖത്തർ ചാരിറ്റിയും ഒ.സി.എച്ച്.എയും നിർമിച്ചത്. നിർമാണ, സഹായ പ്രവർത്തനങ്ങൾക്കായി 1.6 മില്യൻ ഡോളറാണ് ചെലവ്. സിറിയയിലും ജോർദാനിലും കോവിഡ്–19നെ തുടർന്നുണ്ടായ പ്രതിസന്ധി ലഘൂകരിക്കുന്നതിന് ഖത്തർ ചാരിറ്റിയും യൂനിസെഫും ഒപ്പുവെച്ചത് 2 ദശലക്ഷം ഡോളറി​െൻറ സഹകരണ കരാറിൽ.

ജോർദാനിലെ സിറിയൻ അഭയാർഥികൾക്ക് ശുദ്ധജലം, ശുചിത്വ പ്രവർത്തനങ്ങൾ എന്നിവയാണ് കരാറിലൂടെ ലക്ഷ്യം വെച്ചത്. കൂടാതെ സിറിയയിൽ കോവിഡ്– 19നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഖത്തർ ചാരിറ്റിയും യൂനിസെഫും തമ്മിൽ ഒരു ദശലക്ഷം ഡോളറി​െൻറ പ്രവർത്തനങ്ങളാണ് നടത്തിയത്. ഖത്തർ ചാരിറ്റിയും യൂനിസെഫും തമ്മിലുള്ള സഹകരണത്തി​െൻറ നേർചിത്രങ്ങളാണ് രണ്ട് കരാറുകളിലൂടെ വ്യക്തമാകുന്നത്.
2020 മാർച്ച് മാസം ആരംഭത്തിൽ വിവിധ മേഖലകളിലായി 27 രാജ്യങ്ങളിലാണ് ഖത്തർ ചാരിറ്റിയുടെ അടിയന്തര സഹായമെത്തിയത്. കോവിഡ്–19നെതിരായ പോരാട്ടത്തിന് അതത് രാജ്യങ്ങളിലെ സർക്കാറുകൾക്കുള്ള പിന്തുണയുടെ ഭാഗമായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here