റിയാദ്​: സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്​) വർധന ബുധനാഴ്​ച മുതൽ നടപ്പാകും. നിലവിലെ അഞ്ചു ശതമാനത്തില്‍നിന്ന് 15 ശതമാനമായാണ്​ ഉയര്‍ത്തിയത്​. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് രാജ്യത്ത് നികുതിവര്‍ധന പ്രഖ്യാപിച്ചത്. ഇതോടൊപ്പം അന്താരാഷ്​ട്ര തലത്തിൽ എണ്ണവിപണിക്കുണ്ടായ തകർച്ചയും സമ്പദ്​വ്യവസ്​ഥക്ക്​​ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ്​ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സൗദി സാമ്പത്തിക മന്ത്രാലയം വാറ്റ് നിരക്ക്​ വർധിപ്പിക്കാൻ തീരുമാനിച്ചത്​. നിലവിലെ അഞ്ചു ശതമാനം 15 ശതമാനമായി ഉയർത്താനുള്ള തീരുമാനം മേയ് 11നാണ്​ സൗദി സാമ്പത്തിക മന്ത്രാലയം പ്രഖ്യാപിച്ചത്.

വർധന നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം സകാത്​ നികുതി വകുപ്പി​​െൻറയും വാണിജ്യ മന്ത്രാലയത്തി​​െൻറയും നേതൃത്വത്തിലാണ് പൂര്‍ത്തീകരിച്ചത്. രാജ്യത്തെ മുഴുവന്‍ വാണിജ്യ, സേവനകേന്ദ്രങ്ങള്‍ക്കും ഇതുസംബന്ധിച്ച നിർദേശം നേര​േത്തതന്നെ നല്‍കിക്കഴിഞ്ഞിരുന്നു. ജൂലൈ ഒന്നിന്​ നികുതിവര്‍ധന പ്രാബല്യത്തില്‍ വരും എന്നു​ കണ്ട്​ അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള ആളുകളുടെ തിരക്ക്​ കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ പ്രകടമായിരുന്നു. നികുതിവര്‍ധന നിലവില്‍വരുന്നതോടെ വിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളില്‍നിന്ന്​ അനധികൃതമായി നികുതി ഈടാക്കുന്നത് തടയുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here