മനാമ: ഒമാൻ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവ്വീസുകൾ ഒക്ടോബർ ഒന്നിന് പുനരാരംഭിക്കും. അന്ന് മുതൽ സാധുവായ വിസയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. വിസയുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ല.

വരുന്ന എല്ലാ യാത്രക്കാർക്കും വിമാന താവളത്തിൽ കോവിഡ് -19 പിസിആർ പരിശോധന നിർബന്ധമാക്കി. ടെസ്റ്റിന് 25 ഒമാൻ റിയാലാ(ഏതാണ്ട് 4,786 രൂപ)ണ് ഫീസ്. വിമാന ജീവനക്കാർക്കാരെയും 15 വയസിനു താഴെയുള്ളവർക്കും കോവിഡ് പരിശോധന വേണ്ട. എല്ലാവരും ഒമാനിലെത്തുന്നതിനുമുമ്പ് ‘തരാസുദ് പ്ലസ്’ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യണം. ഏഴ് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർ താരസുദ് പ്ലസ് വള ധരിക്കണം. ഇവർ 14 ദിവസം സ്വയം ക്വാറന്റയ്നിൽ കഴിയണം. ഇതിനുള്ള താമസസ്ഥലം അവർതന്നെ ഉറപ്പാക്കണം

കൂടാതെ, എല്ലാ സന്ദർശകർക്കും ഒരു മാസത്തെ കോവിഡ് -19 ചികിത്സാ ചെലവു വഹിക്കാവുന്ന ആരോഗ്യ ഇൻഷുറൻസ് ആവശ്യമാണെന്നും സിഎഎ അറിയിച്ചു. മാർച്ച് 29 നാണ് ഒമാൻ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചത്. ആറു മാസത്തിലേറെയായി അവധിക്ക് പോയ ആയിരകണക്കിന് പ്രവാസികളാണ് തിരിച്ചുവരാനാകാതെ കഴിയുന്നത്. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് പുതിയ തീരുമാനം ആശ്വാസകരമാണ്.

തലസ്ഥാനമായ മസ്‌‌കറ്റിനും സലാല നഗരത്തിനുമിടയിലുള്ള ആഭ്യന്തര വിമാന സർവീസുകളും ഒക്ടോബർ ഒന്നിനകം പുനരാരംഭിക്കും.