മനാമ: ബഹ്‌റൈനിൽ സംഘടിപ്പിച്ച സുരക്ഷാ ഉച്ചകോടിയിൽ ഇസ്രയേലി അതിക്രമങ്ങൾക്കെതിരെ രൂക്ഷവിമർശവുമായി ഉന്നത സൗദി അറേബ്യൻ രാജകുമാരൻ. രണ്ട്‌ പതിറ്റാണ്ടിലധികം സൗദി രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന തുർകി അൽ ഫൈസൽ രാജകുമാരനാണ്‌ ഐഐഎസ്‌എസ്‌ മനാമ സംവാദ(2020)ത്തിൽ ഇസ്രയേലി അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞത്‌. മൂന്ന്‌ ദിവസത്തെ പരിപാടിയിൽ ഇസ്രയേലി വിദേശമന്ത്രി ഗബി അഷ്‌കെനാസിയും ഓൺലൈനായി പങ്കെടുത്തു.

ഇസ്രയേലുമായി ബന്ധം സാധാരണനിലയിലാക്കാനുള്ള ഏത്‌ ഇടപാടും പലസ്‌തീന്‌ സ്വന്തം സ്വതന്ത്രരാഷ്‌ട്രം നേടാൻ സഹായിക്കുന്നതാകണം എന്ന്‌ അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ഒരു പാശ്ചാത്യ കോളനി ശക്തിയാണെന്ന്‌ അദ്ദേഹം തുറന്നടിച്ചു.

നിസ്സാര സുരക്ഷാകാരണങ്ങൾ പറഞ്ഞ്‌ സ്‌ത്രീകളും കുട്ടികളും വൃദ്ധരുമടക്കം പലസ്‌തീൻകാരെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അടയ്‌ക്കുകയാണ്‌. അവർ അവിടെ നീതികിട്ടാതെ നരകിക്കുകയാണ്‌. പലസ്‌തീൻകാരുടെ വീടുകൾ ഇടിച്ചുനിരത്തുകയാണ്‌. ഇസ്രയേലിന്‌ തോന്നുന്ന ആരെയും വകവരുത്തുകയാണ്‌–-അൽ ഫൈസൽ പറഞ്ഞു. അമേരിക്കയിലും ബ്രിട്ടനിലും സൗദി സ്ഥാനപതി ആയിരുന്നിട്ടുള്ള അൽഫൈസലിന്റെ വാക്കുകൾ സൽമാൻ രാജാവിന്റെ നിലപാടായാണ്‌ കണക്കാക്കപ്പെടുന്നത്‌.

സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ അമേരിക്കൻ താൽപ്പര്യത്തിന്‌ വഴങ്ങി ഇസ്രയേലുമായി സഹകരണത്തിന്റെ സൂചന നൽകുമ്പോഴാണ്‌ ബഹുരാഷ്‌ട്ര സമ്മേളനത്തിൽ സൗദി പ്രതിനിധി വിരുദ്ധനിലപാട്‌ പ്രഖ്യാപിച്ചത്‌.

എന്നാൽ, ഇത്‌ മധ്യപൗരസ്‌ത്യ ദേശത്തുണ്ടാകുന്ന മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും അതിൽ ഖേദമുണ്ടെന്നും പിന്നീട്‌ സംസാരിച്ച ഇസ്രയേൽ വിദേശമന്ത്രി പറഞ്ഞു. അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ ആണ്‌ വെള്ളിയാഴ്‌ച സംവാദം ഉദ്‌ഘാടനം ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here