ന്യൂഡൽഹി: ചൈനീസ് കൊവിഡ് വാക്‌സിനായ സീനോഫാം ഫലപ്രദമാണെന്ന് യു.എ.ഇ. രാജ്യത്ത് കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുകയാണ്. വാക്‌സിൻ 86 ശതമാനം ഫലപ്രാപ്‌തി നൽകുന്നതായാണ് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണ ഘട്ടത്തിലെ ഇടക്കാല റിപ്പോർട്ടിലാണ് ഈ വിവരമുള‌ളത്. ഇവിടെ ചില അടിയന്തര വിഭാഗക്കാർക്ക് വാക്‌സിൻ ഉപയോഗിക്കാൻ ജൂലായിലും സെപ്‌തംബറിലും അനുമതി നൽകിയിരുന്നു. തീക്ഷ്‌ണത കുറഞ്ഞതും അതീവ ഗുരുതരവുമായ തരം രോഗികളിൽ വാക്‌സിൻ നൂറ് ശതമാനം ഫലം ചെയ്യുന്നുണ്ട്. മന്ത്രാലയം അറിയിച്ചു.അതേസമയം ഇന്ത്യയിൽ മൂന്ന് വാക്‌സിനുകൾ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്.

ഭാരത് ബയോടെകിന്റെ കൊവാ‌ക്‌സിൻ, സെറം ഇൻസ്‌റ്റി‌റ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിൻ, ഇന്ത്യയിൽ പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും പാശ്ചാത്യരാജ്യങ്ങളിൽ ഫലപ്രദമെന്ന് കണ്ട ഫൈസർ വാക്‌സിൻ എന്നിവയാണിവ. കൊവിഡ് വാക്‌സിൻ ആഴ്‌ചകൾക്കകം വിതരണം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുൻപ് അറിയിച്ചിരുന്നു.സെറം ഇൻസ്‌റ്റിറ്റ്യൂട്ടും ഐ.സി.എം.ആറും ചേർന്ന് അമേരിക്കൻ കമ്പനിയായ ആസ്‌ട്ര സെനെക്കയുടെ വാക്‌സിനാണ് പുറത്തിറക്കുക. നിലവിൽ ഈ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ രാജ്യത്ത് നടക്കുകയാണ്. ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിൻ ഏതാണ്ട് 70 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. 20,000 പേരിൽ നടത്തിയ മികച്ച നിലവാരത്തിലുള‌ള പഠനത്തിലാണ് വാക്‌സിന്റെ ഫലപ്രാപ്‌തിയറിഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here