മനാമ: ബഹ്‌റൈനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ്-19 പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കും. രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന സര്‍ക്കാര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അറിയിച്ചതാണ് ഇക്കാര്യം.

18 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്തെ 27 മെഡിക്കല്‍ സെന്ററുകള്‍ വഴിയാണ് വാക്‌സിന്‍ നല്‍കുന്നത്. പ്രതിദിനം 5,000 പേര്‍ക്ക് എന്ന നിലയിലാണ് വാക്‌സിന്‍ നല്‍കുക. ഇത് പിന്നീട് പ്രതിദിനം 10,000 വാക്‌സിനേഷന്‍ എന്ന നിലയില്‍ വ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ലോകാരോഗ്യ സംഘടനയും ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി(എന്‍എച്ച്ആര്‍എ)യും അംഗീകരിച്ച ഒരു വാക്‌സിന്‍ നല്‍കി എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയെ പതിയ തീരുമാനം അടിവരയിടുന്നു.

അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോ എന്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ്-19 വാക്‌സിന് ഡിസംബര്‍ നാലിന് ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു. വിവിധ തലങ്ങളിലെ പരിശോധനക്ക് ശേഷമാണ് നാഷണല്‍ ഹെല്‍ത് റഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ) വാക്‌സിന് അനുമതി നല്‍കിയത്. നവംബറില്‍ സിനോഫാം വാക്‌സിന് ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു. കോവിഡ് പ്രതിരോധ രംഗത്ത് മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഈ വാക്‌സിന്‍ നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here