ന്യൂഡൽഹി : ഇന്ത്യൻ കരസേന മേധാവിയുടെ ഗൾഫ് പര്യടനത്തിന് ഇന്നലെ തുടക്കമായിരുന്നു. രണ്ട് ഘട്ടങ്ങളിലായി മേഖലയിലെ ശക്തരായ യു എ ഇയിലും സൗദിയിലുമാണ് ഇന്ത്യൻ കരസേന മേധാവിയായ എം എം നരവനെ സന്ദർശനം നടത്തുന്നത്. ഡിസംബർ 9 മുതൽ 10 വരെ യു എ ഇയും 13 മുതൽ 14 വരെ സൗദി അറേബ്യയും അദ്ദേഹം സന്ദർശിക്കും.
ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ സൈനിക മേധാവി ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ഇതിനാൽ തന്നെ ഈ സന്ദർശനത്തിന് പിന്നിൽ തന്ത്രപ്രാധാന്യമുള്ള ചില ലക്ഷ്യങ്ങളുണ്ട് എന്നത് തീർച്ചയാണ്. പ്രതിരോധ വിദഗ്ദ്ധർ അതിനാൽ തന്നെ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിൽ വൻ മാറ്റം വരാൻ പോകുന്നു എന്ന വിലയിരുത്തലാണ് നടത്തുന്നത്. ഇതിൽ പാകിസ്ഥാന് സംഭവിക്കുന്ന തിരിച്ചടികളാണ് മുഴച്ച് നിൽക്കുന്നത് എന്നതാണ് എടുത്ത് പറയേണ്ടത്

പാക് ഗൾഫ് സൈനിക ബന്ധം
സൈനിക മേഖലയിൽ പാകിസ്ഥാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. തുടക്ക കാലം മുതൽക്കേ ഗൾഫ് രാജ്യങ്ങളിലെ സൈനികർക്ക് പരിശീലനമടക്കമുള്ള കാര്യങ്ങൾ നടത്തുന്നത് പാക് സൈന്യമാണ്. ഇതിന് പ്രതിഫലമായി വൻ സാമ്പത്തിക സഹായം പാകിസ്ഥാൻ സ്വീകരിക്കുന്നുമുണ്ട്. ഒരു കാലത്ത് രാജകുടുംബത്തിന് കാവൽ നിൽക്കുന്ന കമാൻഡോകൾ പോലും പാകിസ്ഥാനികളായിരുന്നു എന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസ്യതയുടെ അടയാളമായിരുന്നു. യു എ ഇയുടെ ആദ്യത്തെ അഞ്ച് എയർ മേധാവികൾ പാകിസ്ഥാൻ വ്യോമസേന ഉദ്യോഗസ്ഥരാണെന്നത് ചരിത്രമാണ്. സൗദിയെ സംബന്ധിച്ചും വ്യോമസേന പരിശീലകരായി എത്തിയിരുന്നത് പാക് വ്യോമസേനയിലെ വൈമാനികരായിരുന്നു. എന്നാൽ ഇമ്രാൻ ഖാൻ പാകിസ്ഥാൻ പ്രധാനമന്ത്രിയായതോടെയാണ് ഗൾഫ് രാജ്യങ്ങളും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീണത്. അതിന്റെ കാരണം ഗൾഫിനെ മറന്നുള്ള പാകിസ്ഥാന്റെ ചില വിദേശ നയങ്ങളായിരുന്നു.

തുർക്കിയെ പുൽകിയ പാകിസ്ഥാൻ
തുർക്കി ഭരണാധികാരിയായ എർദോഗനുമായി പാകിസ്ഥാൻ കൂട്ടുകൂടിയതോടെയാണ് സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ പാകിസ്ഥാനെതിരെ തിരിയുന്നത്. ഇസ്ളാമിക രാജ്യങ്ങളുടെ പ്രമാണി എന്ന തലപ്പൊക്ക മത്സരത്തിൽ ഗൾഫിന് മുന്നിൽ എതിരാളിയായുള്ള എർദോഗനെ അംഗീകരിക്കുന്നതാണ് പ്രധാന കാരണം. എന്നാൽ കാശ്മീരടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ അളവറ്റ പിന്തുണ തുർക്കിയിൽ നിന്നും ലഭിക്കുന്നതും, ഇന്ത്യയെ പിണക്കാൻ മടിച്ച് ഗൾഫ് രാജ്യങ്ങൾ പിന്തുണ നൽകാത്തതുമാണ് ഇമ്രാൻ ഖാനെ പുതിയ വഴി തേടാൻ പ്രേരിപ്പിച്ചത്. ചുരുക്കി പറഞ്ഞാൽ പാക് ഗൾഫ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതിന് പിന്നിൽ ഒരു ഇന്ത്യൻ ഫാക്ടർ കാണാനാവും. ഇത് അവസരമാക്കുവാൻ ഒരുങ്ങുകയാണ് ഇന്ത്യ ഇപ്പോൾ.

മോദി ഇഫക്ട്
യുഎഇയുടേയും സൗദി അറേബ്യയുടേയും പാക്കിസ്ഥാനുമായുള്ള അസംതൃപ്തി ഒരു വശത്ത് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുകയായിരുന്നു.
ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) എല്ലാ രാജ്യങ്ങളുമായും അദ്ദേഹം ഊഷ്മളമായ ബന്ധമാണ് പുലർത്തുന്നത്. 2014 ൽ പ്രധാനമന്ത്രിയായതിനുശേഷം മോദി യു എ ഇയിൽ മൂന്ന് തവണയും സൗദി അറേബ്യയിൽ രണ്ട് തവണയും സന്ദർശനം നടത്തി. ആകെ എട്ട് തവണ ജിസിസി രാജ്യങ്ങൾ മോദി സന്ദർശിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത ഏക ഗൾഫ് രാജ്യം കുവൈറ്റ് മാത്രമാണ്. യു എ ഇ സന്ദർശന വേളയിൽ ആ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സയിദ്’നൽകിയാണ് മോദിയെ വരവേറ്റത്. അതേസമയം സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപീകരിച്ചാണ് സൗദി ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിയത്. യുകെ, ഫ്രാൻസ്, ചൈന എന്നിവയ്ക്ക് ശേഷം ഈ ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയായിരുന്നു. ഇതു കൂടാതെ സൗദിയുടെ ‘വിഷൻ 2030’ പ്രകാരം എട്ട് തന്ത്രപരമായ പങ്കാളികളിൽ ഇന്ത്യയും ഇടം നേടി ഇന്ത്യ, ചൈന, യുകെ, യുഎസ്, ഫ്രാൻസ്, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയാണ് ഈ പട്ടികയിലുള്ള രാഷ്ട്രങ്ങൾ, ഇതിൽ പ്രധാനമായും തഴയപ്പെട്ടത് പാകിസ്ഥാനാണ്.

പ്രതിരോധ ബന്ധവും ശക്തമാവും
ഇന്ത്യയും സൗദി അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളും തമ്മിലുള്ള സൈനിക പ്രതിരോധ മേഖലയിലെ ബന്ധവും ദൃഢമാകുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് പുറമേ മൂന്ന് ഗൾഫ് രാഷ്ട്രങ്ങൾ ഇന്ത്യയുടെ അഭിമാനവും കരുത്തുമായ ബ്രഹ്മോസ് മിസൈൽ വാങ്ങുവാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ പ്രതിരോധ സഹകരണത്തിനുള്ള സംയുക്ത സമിതി (ജെസിഡിസി) രൂപീകരിച്ചിട്ടുണ്ട്. 2018 മുതൽ രണ്ട് സായുധ സേനകൾക്കിടയിലും സന്ദർശനങ്ങൾ പതിവാകുകയും ഇന്ത്യൻ പ്രതിരോധ പരിശീലന സ്ഥാപനങ്ങളിൽ റോയൽ സൗദി സായുധ സേനയിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുവാൻ ധാരണയാവുകയും ചെയ്തു. ഇത് പ്രത്യക്ഷത്തിൽ തന്നെ പാകിസ്ഥാന് തിരിച്ചടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here