ഷാർജ: അനധികൃതമായി യു.എ.ഇയിലേക്കു കടത്താൻ ശ്രമിച്ച പത്തു ലക്ഷത്തിലധികം വരുന്ന സിനെക്സ് എന്ന പേരിലറിയപ്പെടുന്ന മയക്കുമരുന്ന് ഗുളികകൾ ഷാർജ പൊലീസ്​ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലെ മിന്നൽസേന പിടിച്ചെടുത്തു. 1.50 കോടി ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ദക്ഷിണേഷ്യക്കാരായ ഒമ്പതു പേർ പിടിയിലായിട്ടുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ച് മയക്കുമരുന്ന് പുറത്തെത്തിച്ചാൽ 24 മണിക്കൂറിനുള്ളിൽ‌ അവ വിതരണം ചെയ്യാനുള്ള എല്ലാ മുൻകരുതലുകളും സംഘം തയാറാക്കിയിരുന്നു. എന്നാൽ, ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കിയ ഷാർജ പൊലീസ് ‘മിന്നൽസേന’ എന്ന പേരിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ നടത്തിയ പഴുതടച്ച നീക്കമാണ് ഫലം കണ്ടതെന്ന്​ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ ലഫ്റ്റനൻറ്​ കേണൽ മജിദ് അൽ ആസാം പറഞ്ഞു. അയൽരാജ്യങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള നീക്കങ്ങളാണ് പൊലീസ് വേരോടെ പിഴുതുകളഞ്ഞത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് സുരക്ഷയോടെ ജീവിക്കാനും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സ്വസ്ഥതയോടെ കഴിയാനുമുള്ള പിന്തുണ ഉറപ്പാക്കുമെന്ന്​ പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here