ലോക്ഡൗൺ ഒൻപതു മാസം നീട്ടിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയും നീണ്ടു. മോദിയുടെ ആരാധകർക്കൊപ്പം വിമർശകരും കൗതുകകരമായ പല ഊഹങ്ങളും നിരീക്ഷണങ്ങളും ഇതെപ്പറ്റി പങ്കുവയ്ക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരും വരെ അദ്ദേഹം താടി നീട്ടുന്നതിനു പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടാകുമോയെന്ന സന്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. ഇതിനിടെ, മോദിയുടെ ശൈലി പിന്തുടർന്നു പാർട്ടിയിലെ മറ്റു നേതാക്കളും താടി നീട്ടിയാലോ എന്ന നിർദേശം ഉയർന്നപ്പോൾ ബിജെപി അതു നിരുത്സാഹപ്പെടുത്തുകയും ചെയ്തു.

വൃത്തിയായി വെട്ടിയൊതുക്കിയ താടിയുമായാണു കഴിഞ്ഞ രണ്ടു ദശകമായി മോദിയെ എല്ലാവരും കാണുന്നത്. മന്ത്രിമാർ മുതൽ സാധാരണക്കാർ വരെ സ്വീകരിച്ച മോദിയുടെ സ്ലീവ്‌ലെസ് ജാക്കറ്റിൽനിന്നു ഭിന്നമായി മോദിയുടെ നീളുന്ന താടി തനിമയോടെ നിലകൊള്ളുന്നു. ഈ പുതുവർഷത്തിൽ മോദി പ്രത്യക്ഷപ്പെട്ടതും നീണ്ട താടിയോടെയാണ്.

ഇതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്താൻ അഭ്യർഥനകൾ ഒരുപാടുണ്ടായെങ്കിലും പ്രധാനമന്ത്രി ഒരു വിശദീകരണവും നൽകിയില്ല. ഏതെങ്കിലും വെല്ലുവിളി ഏറ്റെടുത്തു വിജയം കൈവരിക്കും വരെയോ ഒരു ഉദ്ദേശ്യം പൂർത്തിയാക്കുന്നതു വരെയോ താടി മുറിക്കില്ലെന്നത് ഇന്ത്യയിലെയോ മറ്റേതെങ്കിലും രാജ്യത്തെയോ പാരമ്പര്യത്തിന്റെ ഭാഗമാണോ എന്ന ചർച്ച വരെ സമൂഹമാധ്യമങ്ങളിൽ ഉയരുകയുണ്ടായി.

രാജ്യത്തെ കോവിഡ് ഗ്രസിച്ചതിനു പിന്നാലെയാണു നരേന്ദ്ര മോദിയുടെ താടിയും വളരാൻ തുടങ്ങിയത്. വാക്സീൻ കുത്തിവയ്പു തുടങ്ങിയാൽ, അല്ലെങ്കിൽ രാജ്യം സാധാരണനിലയിലേക്കു മടങ്ങിയാൽ പ്രധാനമന്ത്രി താടി പഴയതുപോലെയാക്കുമെന്നാണ് ഒരു അനുമാനം. പ്രചാരത്തിലുള്ള മറ്റൊരു ഊഹം, അയോധ്യയിൽ രാമക്ഷേത്രം എന്ന തന്റെ സ്വപ്നം സഫലമാകാൻ കാത്തിരിക്കുകയാണു മോദി എന്നാണ്. എങ്കിൽ ഇപ്പോഴത്തെ നിലയിൽ രണ്ടുവർഷമെങ്കിലും കാത്തിരിപ്പു നീളും.

താടിവളർന്നതുകൊണ്ടു പ്രധാനമന്ത്രിയുടെ ചുറുചുറുക്കിനു കുറവൊന്നുമില്ലെങ്കിലും ഈ പുതിയ ഭാവത്തിൽ അദ്ദേഹത്തിനു പ്രായമേറിയതായി തോന്നും. മോദിയുടെ ഇപ്പോഴത്തെ രൂപം കാണുമ്പോൾ പാർട്ടിയിലെ മുതിർന്ന ചില നേതാക്കൾക്ക്, ആർഎസ്എസിലും ബിജെപിയിലും മോദിയുടെ മാർഗദർശിയായിരുന്ന നാനാജി ദേശ്മുഖിനെ ഓർമ വരുന്നുണ്ട്. ദേശ്മുഖിനു നീണ്ട താടിയും മുടിയുമായിരുന്നു.

ജനകീയ നേതാക്കളുടെയും സ്പോർട്സ്, സിനിമാ താരങ്ങളുടെയും ശൈലികൾ ആരാധനയും അനുകരണങ്ങളുമുണ്ടാക്കാറുണ്ട്. റോസാപ്പൂ കുത്തിയ നെഹ്റു ജാക്കറ്റ്, ഇന്ദിരാ ഗാന്ധിയുടെ കൈത്തറിസാരികൾ, രാജീവ് ഗാന്ധിയുടെ ഷാൾ, വി.പി. സിങ്ങിന്റെ തൊപ്പി, വാജ്പേയിയുടെ ജാക്കറ്റ് എന്നിവ രാഷ്ട്രീയക്കാർക്കിടയിൽ ഒരുപാട് അനുകരിക്കപ്പെട്ട വേഷങ്ങളാണ്. എങ്കിലും താടിവച്ച പ്രധാനമന്ത്രിമാരായ ചന്ദ്രശേഖറിനും ഐ.കെ. ഗുജ്റാളിനും അനുകർത്താക്കൾ ഇല്ലായിരുന്നു.

ചൗക്കിദാർ എന്നു സ്വയം വിശേഷിപ്പിച്ചിട്ടുള്ള നരേന്ദ്ര മോദിയെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തു രാഹുൽ ഗാന്ധി കടന്നാക്രമിക്കുകയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പുകഴിയും വരെ സ്വന്തം പേരിനൊപ്പം ചൗക്കിദാർ എന്നു ചേർക്കാൻ ബിജെപി മുഖ്യമന്ത്രിമാരോടും മന്ത്രിമാരോടും മറ്റു നേതാക്കളോടും നിർദേശിച്ചാണു മോദി തിരിച്ചടിച്ചത്. ഇപ്പോൾ രാഷ്ട്രീയതലത്തിൽ നിന്നു ചൗക്കിദാർ എന്ന പദം അപ്രത്യക്ഷമായിക്കഴിഞ്ഞു.

ഉചിതമായ സമയം വരുമ്പോൾ പ്രധാനമന്ത്രിതന്നെ തന്റെ നീളുന്ന താടിയുടെ രഹസ്യം വെളിപ്പെടുത്തിയേക്കാം. ചിലപ്പോൾ ഒരിക്കലും അതു വെളിപ്പെടുത്തിയില്ലെന്നും വരാം. രഹസ്യങ്ങൾ സൂക്ഷിക്കുന്നതും കൃത്യസമയത്തു പ്രതികരിക്കുന്നതും മോദിശൈലിയാണല്ലോ. അതിനിടെ ഊഹങ്ങൾ പരിധിയില്ലാതെ നീളുകയും ചെയ്തേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here