ന്യൂഡൽഹി : രാജ്യത്ത് കോവിഡ‍് വാക്സീനെടുത്തവരുടെ എണ്ണം 10 ലക്ഷത്തിലേക്ക്. ഇന്നലെ വൈകിട്ടു വരെ 9.99 ലക്ഷം പേർ കോവാക്സീൻ, കോവിഷീൽഡ് വാക്സീനുകൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 18159 കേന്ദ്രങ്ങളിലായി ഇന്നലെ മാത്രം 1.92 ലക്ഷം പേർ കൂടി വാക്സീനെടുത്തു.
കേരളത്തിൽ ഇന്നലെ 10,953 ആരോഗ്യ പ്രവർത്തകർ വാക്സീൻ സ്വീകരിച്ചു. ഒഡീഷ(26558), തെലങ്കാന(26441), കർണാടക(16103), ബിഹാർ(15798), ആന്ധ്ര പ്രദേശ്(15507), ഹരിയാന(15491. 16ന് വാക്സീൻ സ്വീകരിച്ച ഒരാളെ ഗുരുതര ആരോഗ്യപ്രശ്നത്തെ തുടർന്ന് ഇന്നലെ രാജസ്ഥാനിലെ ഉദയ്പുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്സീൻ സുരക്ഷിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ആവർത്തിച്ചു. ബോധവൽക്കരണ പരിപാടികൾക്ക് ആരോഗ്യമന്ത്രാലയം തുടക്കമിട്ടു.

‘നയതന്ത്ര വാക്സീനുമായി’ ഒരുമുഴം മുൻപേ ഇന്ത്യ

ന്യൂഡൽഹി ∙ നയതന്ത്ര തലത്തിൽ വാക്സീൻ ആയുധമാക്കി ഇന്ത്യ മുന്നോട്ട്. കൂടുതൽ രാജ്യങ്ങളെ ഒപ്പം നിർത്തുകയെന്ന നയതന്ത്ര വിജയത്തിനൊപ്പം സമ്പദ്‍വ്യവസ്ഥയ്ക്ക് ഉണർവ് നൽകാൻ ഇതുവഴി കഴിയുമെന്ന പ്രതീക്ഷയിലാണ് സ്വന്തം ആവശ്യം മറന്നും വാക്സീൻ കയറ്റുമതിക്ക് തുടക്കമിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ സൗജന്യമായി നൽകുന്ന വാക്സീനുകൾക്ക് ഇതേ രാജ്യങ്ങൾ പിന്നീടു വില നൽകേണ്ടി വരും. വിദേശ വിപണിയിൽ ലഭ്യമായിട്ടുള്ള വാക്സീനുകളെക്കാൾ വിലക്കുറവാണെന്നത് ഇന്ത്യയ്ക്ക് അനുകൂലമാണുതാനും. പിന്നാക്ക–ചെറു രാജ്യങ്ങളിലേക്കു വാക്സീനും മരുന്നും ലഭ്യമാക്കുന്ന രാജ്യമെന്ന നിലയിൽ വിപണി ഉറപ്പിച്ചു നിർത്തുകയെന്ന ലക്ഷ്യവുമുണ്ട്. ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ഭീഷണി ഉയരുന്നതിനിടെ ഇന്ത്യ സ്വീകരിച്ച ‘അയൽക്കാർ ആദ്യം’ നയത്തിനു പ്രധാന്യമേറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here