തിരുവനന്തപുരം : ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഭൂമി, കെട്ടിട റജിസ്ട്രേഷൻ ഇടപാടുകൾക്ക് 2% അധിക നികുതി ഏർപ്പെടുത്തുമെന്നു സർക്കാർ. സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ചാണു നടപടി.

25,000 രൂപയോ അതിൽ കൂടുതലോ വിലയുള്ള ഭൂമിയുടെയോ കെട്ടിടങ്ങളുടെയോ റജിസ്ട്രേഷനു വിലയുടെ ഒരു ശതമാനം നികുതിയായി ശേഖരിച്ചു ജില്ലാ പഞ്ചായത്തുകൾക്കു കൈമാറാമെന്നായിരുന്നു മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അധ്യക്ഷനായ കമ്മിഷന്റെ ശുപാർശ.
എന്നാൽ, ഇത് ഒരു ലക്ഷം രൂപയിലേറെയുള്ള ഇടപാടുകൾക്ക് 2% എന്ന തരത്തിൽ മാറ്റം വരുത്തുന്നുവെന്നും ഇൗ തുക റജിസ്ട്രേഷൻ വകുപ്പ് പിരിച്ചെടുത്ത് അതതു ജില്ലാ പഞ്ചായത്തുകൾക്കു കൈമാറണമെന്നും മന്ത്രി ടി.എം.തോമസ് ഐസക് നിയമസഭയിൽ സമർപ്പിച്ച നടപടി റിപ്പോർട്ടിൽ വ്യക്തമാക്കി.

നിലവിൽ ഭൂമി ഇടപാടുകൾക്ക് 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്ട്രേഷൻ ഫീസുമാണ് ഇൗടാക്കുന്നത്. പുതിയ നികുതി കൂടി വരുന്നതോടെ റജിസ്ട്രേഷൻ ചെലവ് ഭൂമി/കെട്ടിട ന്യായവിലയുടെ 12% ആയി ഉയരും. ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ചാണു തദ്ദേശ സ്ഥാപനങ്ങൾക്ക് ഇക്കുറി ബജറ്റിൽ ഫണ്ട് വകയിരുത്തിയത്. അതിനാൽ, ബജറ്റ് പ്രാബല്യത്തിലാകുന്ന അടുത്ത സാമ്പത്തിക വർഷാരംഭമായ ഏപ്രിൽ 1 മുതൽ 2% നികുതി ചുമത്താനാണു സാധ്യത.

വസ്തു നികുതി, സേവന നികുതി എന്നിവ 2 വർഷത്തിലൊരിക്കൽ പരിഷ്കരിക്കാനും കെട്ടിട നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here