കൊച്ചി: കോവിഡ് മഹാമാരിക്കാലത്തു അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് ആശ്രയമായ ബോളിവുഡ് നടൻ സോനു സൂദിനു ‘ദ് വീക്ക്’ മാൻ ഓഫ് ദി ഇയർ – 2020 പുരസ്കാരം സമ്മാനിച്ചു. ‘പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷം.

സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞുവെന്നത് ആഹ്ലാദിപ്പിക്കുന്നു’ – പുരസ്കാര സമർപ്പണത്തിനായി ഒരുക്കിയ വെർച്വൽ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ സേവനപ്രവർത്തനങ്ങളിലൂടെ സോനു സൂദ് ആയിരങ്ങൾക്കു പ്രചോദനം നൽകിയെന്നു ചടങ്ങിൽ മുഖ്യാതിഥിയായ എഴുത്തുകാരി ശോഭ ഡേ പറഞ്ഞു.
ലോക്ഡൗൺ കാലത്തു സ്വന്തം നാടുകളിലേക്കു മടങ്ങാൻ ആയിരക്കണക്കിനു അതിഥിത്തൊഴിലാളികളെ സോനു സൂദ് സഹായിച്ചിരുന്നു. ഇന്ത്യയിലേക്കു മടങ്ങാനാകാതെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർഥികൾക്കും സഹായഹസ്തം നീട്ടി. നിർധനർക്കു ശസ്ത്രക്രിയകൾക്കു ധനസഹായം, കുട്ടികൾക്കു സ്കോളർഷിപ്, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം തുടങ്ങിയ സേവനങ്ങളിലും സജീവമായിരുന്നു.

പാലക്കാട് സ്വദേശിയായ ശിൽപി ഗണേഷ് കടവല്ലൂർ രൂപകൽപന ചെയ്ത മാൻ ഓഫ് ദി ഇയർ ശിൽപവും സോനുവിനു സമ്മാനിച്ചു. ചടങ്ങിൽ ‘ദ് വീക്ക്’ ഡപ്യൂട്ടി ന്യൂസ് എഡിറ്റർ മാത്യു ടി.ജോർജ്, ചീഫ് സബ് എഡിറ്റർ സൂസമ്മ ജോയ് കുര്യൻ, സീനിയർ കറസ്പോണ്ടന്റ് മിനി പി.തോമസ്, ഫോട്ടോ എഡിറ്റർ സഞ്ജയ് ഘോഷ് എന്നിവർ പ്രസംഗിച്ചു. പുരസ്കാരത്തെക്കുറിച്ചു സബ് എഡിറ്റർ ഓഷിൻ ഗ്രേസ് ഡാനിയേൽ തയാറാക്കിയ വിഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു.

നിസ്വാർഥമായി സമൂഹത്തെ സേവിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി 1993ൽ ആരംഭിച്ച ‘ദ് വീക്ക്’ മാൻ ഓഫ് ദി ഇയർ പുരസ്കാരം ആദ്യം ലഭിച്ചതു ബാബ ആംതെയ്ക്കായിരുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിലായിരുന്നു 2019ലെ ജേതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here