ന്യൂഡൽഹി: മൻ കി ബാത്തിൽ ചെങ്കോട്ടയിലെ സംഘർഷം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിപ്പിച്ച സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിലെ സംഭവങ്ങൾ ഏറെ വേദനിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതുവർഷത്തിലെ ആദ്യ മൻ കി ബാത്തിലായിരുന്നു മോദിയുടെ പരാമർശം.പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യ മറ്റ് രാജ്യങ്ങളെ സഹായിച്ചു.

വാക്‌സിൻ നൽകി ഇതര രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യയ്‌ക്കായി. മുപ്പത് ലക്ഷം ആരോഗ്യപ്രവർത്തകരാണ് രാജ്യത്ത് വാക്‌സിനെടുത്തത്. പതിനഞ്ച് ദിവസത്തിനുളളിലാണ് ഇത്രയധികം പേർക്ക് വാ‌ക്‌സിൻ നൽകിയത്. വാക്‌സിന്റെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്‌തത നേടിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.മൻ കി ബാത്ത് നടത്തുമ്പോൾ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ ഞാൻ നിങ്ങളുടെ ഇടയിൽ ഉണ്ടെന്ന് തോന്നുന്നു. ഈ മാസം ക്രിക്കറ്റ് പിച്ചിനും വളരെ നല്ല വാർത്തയാണ്. നമ്മുടെ ക്രിക്കറ്റ് ടീം പ്രാരംഭ ബുദ്ധിമുട്ടുകൾക്ക് ശേഷം മികച്ച തിരിച്ചുവരവ് നടത്തി. ഓസ്ട്രേലിയയിൽ പരമ്പര നേടി. നമ്മുടെ ടീമിന്റെ കഠിനാദ്ധ്വാനവും ടീം വർക്കും രാജ്യത്തിന് പ്രചോദനം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.പത്മ അവാർഡുകളുടെ കാര്യത്തിലും ഇന്ത്യ അഭിമാനിക്കുന്നു. ഇന്ത്യൻ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് എഴുതാൻ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പുതിയ പദ്ധതി ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

എല്ലാ ഇന്ത്യക്കാരോടും പ്രത്യേകിച്ച് ചെറുപ്പക്കാരോട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനിക്കളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചും അവരുടെ പ്രദേശങ്ങളിൽ നിന്നുളള സ്വാതന്ത്ര്യസമരകാലത്തെ വീരഗാഥകളെക്കുറിച്ചും പുസ്തകങ്ങൾ എഴുതാൻ അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ രചനകൾ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നായകന്മാർക്ക് ഒരു ആദരാഞ്ജലിയായി മാറുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽനിന്നും ബംഗളൂരുവിലേക്ക് ആയിരത്തിലേറെ കിലോമീറ്റർ ദൂരം വരുന്ന വിമാനയാത്ര വിജയകരമായി പൂർത്തിയാക്കിയ എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാരേയും കാബിൻ ക്രൂവിനേയും മോദി അഭിനന്ദിച്ചു. കാർഷിക മേഖലയെ നവീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനായുളള നടപടികൾ തുടരുമെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here