മുംബൈ: നഗരത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 8646 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം ആരംഭിച്ചത് മുതലുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

നഗരത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 8000- ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ നഗരത്തില്‍ രോഗം പിടിപെട്ടവരുടെ എണ്ണം 4,23,360 ആയി. 3,55,691 പേരാണ് ഇതുവരെ രോഗമുക്തരായത്. 11,704 പേര്‍ കോവിഡ് മൂലം മരിച്ചപ്പോള്‍ 55,005 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രോഗ വ്യാപനത്തെ നിയന്ത്രിക്കാന്‍ മഹാരാഷ്ട്ര ഉടന്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളെ ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ദിവസം 60,000 കോവിഡ് പരിശോധനകളെങ്കിലും നടത്താന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും തീരുമാനിച്ചിരുന്നു. നഗരത്തിലെ മാളുകളില്‍ കയറണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ അവിടങ്ങളില്‍ തിരക്ക് നന്നേ കുറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here