ന്യൂഡൽഹി: മത പരിവർത്തനത്തിനും മന്ത്രവാദത്തിനുമെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടുള‌ള ഹർജി സുപ്രീംകോടതി തള‌ളി. 18 വയസ് കഴിഞ്ഞവർക്ക് ഏത് മതവും സ്വീകരിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ജസ്‌റ്റിസുമാരായ ആർ.എഫ് നരിമാൻ, ബി.ആ. ഗവായ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് അഡ്വക്കേ‌റ്റ് അശ്വിനി ഉപാദ്ധ്യായ നൽകിയ ഹർജി തള‌ളിക്കൊണ്ട് ഉത്തരവിട്ടത്.

ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണ കോടതിയിൽ ഹാജരായി. പ്രശസ്‌തി മാത്രം ലക്ഷ്യമിട്ടുള‌ള ഹർജിയാണിതെന്നും ഇത്തരം ഹർജിയുമായി വന്നാൽ വലിയ പിഴയൊടുക്കേണ്ടി വരുമെന്നും ബെഞ്ച് ഹർജിക്കാരനെ ശാസിച്ചു.18 വയസ് തികഞ്ഞ ഒരാൾക്ക് സ്വന്തം മതം തിരഞ്ഞെടുക്കാൻ അനുവദിക്കാനാകാത്ത ഒരു കാരണവും നിലവിലില്ലെന്ന് ‌‌ബെഞ്ച് പറഞ്ഞു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ഇതോടെ ഹർജിക്കാരൻ ആവശ്യപ്പെട്ടു. താൻ സർക്കാരിനോടും നിയമ കമ്മീഷനോടും തന്റെ ആവശ്യമുന്നയിക്കാമെന്നും അറിയിച്ചു. എന്നാൽ ഈ ആവശ്യവും തള‌ളിയ സുപ്രീംകോടതി ഹർജി തള‌ളിയതായി അറിയിക്കുകയായിരുന്നു. നിർബന്ധിത മതപരിവർത്തനം ഭരണഘടനയുടെ 14,21,25 വകുപ്പുകളുടെ ലംഘനവും മതേതരത്വത്തിന് എതിരുമാണെന്നായിരന്നു ഹർജിക്കാരന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here