ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ എടുക്കാനെത്തിയ സ്ത്രീകൾക്ക് പേവിഷബാധ പ്രതിരോധിക്കുന്നതിനുളള റാബിസ് വാക്‌സിൻ കുത്തിവച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ശാമലി മേഖലയിലെ പൊതുജനാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനെടുക്കാൻ എത്തിയവർക്കാണ് ഇത്തരമൊരു ദുരവസ്ഥ നേരിട്ടത്. കുത്തിവയ്‌പ്പെടുത്ത മൂന്നുപേരും അറുപത് വയസിന് മുകളിൽ പ്രായമുളളവരാണ്. സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.റാബിസ് വാക്‌സിൻ കുത്തിവയ്‌പ്പെടുത്ത മൂന്നുപേരിൽ ഒരാൾ പാർശ്വഫലങ്ങൾ നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തി. ഇതോടെയാണ് സംഭവം പുറത്തായത്. വാക്‌സിൻ സ്വീകരിച്ചതിന്റെ കുറിപ്പ് ഡോക്ടർ പരിശോധിച്ചതോടെ കൊവിഡ് വാക്‌സിനു പകരം റാബിസ് വാക്‌സിൻ കുത്തിവയ്‌ച്ചതായി തിരിച്ചറിയുകയായിരുന്നു.

തെറ്റായ വരിയിൽ നിൽക്കുകയും കുത്തിവയ്‌പ്പെടുക്കാൻ സ്വയം ആവശ്യപ്പെടുകയും ചെയ്തതാണ് പിഴവിന് കാരണമായതെന്നാണ് ആദ്യം പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് ഫാർമസിസ്റ്റിന് വന്ന പിഴവായിരിക്കാമെന്നും തെറ്റായ വരിയിൽ നിന്നെങ്കിലും റാബിസ് വാക്‌സിൻ നൽകാനുളള തീരുമാനത്തിൽ അവർ എങ്ങനെ എത്തിയെന്നും ജില്ലാ മജിസ്‌ട്രേറ്റ് ജസ്‌പ്രീത് കൗർ ചോദിച്ചു.സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനോടും അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസറോടും ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. കുറ്റം ചെയ്ത ഉദ്യോഗസ്ഥർക്കെതിരായി നടപടിയുണ്ടാകുമെന്നും കൗർ പറഞ്ഞു. റാബിസ് വാക്‌സിൻ സ്ത്രീകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ സജ്ഞയ് അഗർവാൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here