കോഴിക്കോട് : പ്രവാസികളുടെ തിരിച്ചുപോക്ക് ആശങ്കയിലും, ആശയക്കുഴപ്പത്തിലുമായ സാഹചര്യത്തിൽ അവരുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, നോർക്ക, പ്രവാസി സംഘടനകൾ യോജിച്ചു ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു.
 
ഇതു സംബന്ധിച്ച് രക്ഷാധികാരി ഡോക്ടർ എ. വി. അനൂപ് പ്രസിഡണ്ടും, എയർപോർട്ട് ഉപദേശക സമിതി അംഗവുമായ ഷെവലിയാർ സി. ഇ. ചാക്കുണ്ണി, ഖജാൻജി എം.വി കുഞ്ഞാമു എന്നിവർ ബന്ധപ്പെട്ടവർക്ക് ഇമെയിൽ – തപാൽ വഴി നിവേദനം സമർപ്പിച്ചു.
 
വിദേശത്തേക്ക് പോകുന്നവർക്ക് പരിശോധനാഫലം വേഗം ലഭിക്കുന്നതിന് (ആർ.ടി.പി.സി.ആർ) സൗകര്യം കോഴിക്കോട് എയർപോർട്ടിൽ യുദ്ധകാലടിസ്ഥാനത്തിൽ സജ്ജീകരിച്ച് സ്വകാര്യ ലാബിനെ പരിശോധന ചുമതല ഏൽപ്പിച്ചു(8 കൗണ്ടറുകൾ). ഈ സാഹചര്യത്തിൽ  യാത്രയ്ക്ക് വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്ന അവസരത്തിലാണ്  യു.എ.ഇ യാത്രാവിലക്ക് വീണ്ടും നീട്ടി യാത്രക്കാരെ നിരാശയിലാക്കിയത്.
 
മുൻപ് ജോലി നഷ്ടപ്പെടാതിരിക്കാൻ കൂടുതൽ ചിലവും, സമയനഷ്ടവും സഹിച്ച് ബഹറിൻ, മാലിദ്വീപ്, നേപ്പാൾ വഴി പോകാൻ അവസരം ഉണ്ടായിരുന്നു. പെട്ടെന്ന് ആ വഴി അടഞ്ഞപ്പോൾ മടങ്ങേണ്ട അവസ്ഥവരെ ചിലർക്ക് ഉണ്ടായി. ഇപ്പോൾ മോസ്കോ, താഷ്കന്റ്, എത്യോപിയ, അർമേനിയ  എന്നീ വിദേശരാജ്യങ്ങൾ വഴി പതിന്മടങ്ങ് പണവും, സമയവും ചിലവാക്കി അപൂർവം ചിലർ പോകുന്നുണ്ടെങ്കിലും അവിടെ എപ്പോഴാണ് നിയന്ത്രണങ്ങൾ വരുകയെന്ന  ആശങ്കയിലുമാണ്.
 
 യഥാസമയം ജോലിക്ക് എത്താൻ കഴിയാത്ത  പ്രവാസികൾ അവിടെയും ഇവിടെയും ജോലിയില്ലാതെ ത്രിശങ്കുവിൽ ആവും. ഇപ്പോൾ യാത്രാവിമാനങ്ങൾ കരിപ്പൂരിൽ വരുന്നുണ്ടെങ്കിലും യാത്രക്കാരെ കയറ്റാതെ കാർഗോ മാത്രം സ്വീകരിച്ചാണ് മടങ്ങുന്നത്. യാത്രാനുമതി ലഭിക്കുകയാണെങ്കിൽ അത് വിമാനക്കമ്പനിക്കും,  ചുരുങ്ങിയ നിരക്കിൽ യാത്രയ്ക്കും ഒരുപോലെ ഗുണകരമാകും.
 
പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, വിദേശകാര്യ സഹ മന്ത്രി ( വി. മുരളീധരൻ), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഡി.ജി.സി.എ, മുൻ വ്യോമയാന മന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, നോർക്ക, കേരളത്തിലെ എം.പി മാർ, എയർപോർട്ട് ഉപദേശകസമിതി ചെയർമാൻ, കൺവീനർ  എന്നിവർക്കാണ് നിവേദനം സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here