ന്യൂയോര്‍ക്ക്‌: യു.എന്‍. പൊതുസഭയില്‍ കശ്‌മീര്‍ വിഷയം ഉന്നയിച്ച പാകിസ്‌താനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒളിയമ്പ്‌. ഭീകരതയെ രാഷ്‌ട്രീയ ആയുധമാക്കുന്നവര്‍ അത്‌ അവരെ തിരിഞ്ഞുകൊത്തുമെന്ന്‌ അറിഞ്ഞിരിക്കണമെന്ന്‌ ഉപദേശം.
ശക്‌തമായ ജനാധിപത്യത്തിനു മഹത്തായ ഉദാഹരണമാണ്‌ ഇന്ത്യയെന്നും ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലിയുടെ 76-ാം സെഷനില്‍ പങ്കെടുത്ത്‌ മോദി ചൂണ്ടിക്കാട്ടി.

ചായക്കടയില്‍ അച്‌ഛനെ സഹായിക്കാന്‍ നിന്ന ബാലന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നാലാം തവണ യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്താണിതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങളെയും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മോദി ഉയര്‍ത്തിക്കാട്ടി. 12-നു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ലോകത്തെ ആദ്യ ഡി.എന്‍.എ വാക്‌സിന്‍ ഇന്ത്യ വികസിപ്പിച്ചു. ഇപ്പോള്‍ നേസല്‍ വാക്‌സില്‍ ഉല്‍പാദനശ്രമത്തിലാണ്‌ ഇന്ത്യന്‍ ശാസ്‌ത്രജ്‌ഞര്‍.

സമുദ്രങ്ങള്‍ ഉപയോഗിക്കാനുള്ളതാണ്‌. ദുരുപയോഗത്തിനല്ല. കടലുകളെയും രാജ്യാന്തര വാണിജ്യങ്ങളെയും സംരക്ഷിക്കണം. കൈയേറ്റങ്ങളില്‍നിന്നും കൊട്ടിയടയ്‌ക്കലില്‍ നിന്നും സമുദ്രങ്ങളെ രക്ഷിച്ചേ പറ്റൂ. അത്തരം നീക്കങ്ങളെ ലോകം ഒറ്റക്കെട്ടായി തോല്‍പ്പിക്കണമെന്നും ദക്ഷിണ ചൈനാക്കടലിലെ ചൈനീസ്‌ ആധിപത്യത്തിന്റെ പേര്‌ പറയാതെ നരേന്ദ്ര മോദി പറഞ്ഞുവച്ചു.

അഫ്‌ഗാന്റെ മണ്ണ്‌ ഭീകരതയ്‌ക്ക്‌ ഉപയോഗിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. അവിടുത്തെ ന്യൂനപക്ഷങ്ങള്‍ സഹായത്തിനായി കേഴുകയാണ്‌.
“ചെയ്യേണ്ടത്‌ ചെയ്യേണ്ട സമയത്ത്‌ ചെയ്യുന്നില്ലെങ്കില്‍, ചെയ്യുന്നതിന്റെ വിജയം സമയം ഇല്ലാതാക്കും” എന്ന ചാണക്യ വചനവും പ്രധാനമന്ത്രി പങ്കുവച്ചു. കാലത്തിനും മാറ്റങ്ങള്‍ക്കുമൊത്ത്‌ യു.എന്‍. മാറുന്നില്ലെന്ന വിമര്‍ശനങ്ങളുടെ പശ്‌ചാത്തലത്തിലായിരുന്നു ഇത്‌.

നേരത്തേ കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി 20 മിനിറ്റ്‌ നീണ്ട പ്രസംഗം ആരംഭിച്ചത്‌. കോവിഡ്‌ പശ്‌ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ഓണ്‍ലൈനായി ആയിരുന്നു യു.എന്‍. പൊതുസഭ ചേര്‍ന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here