ചെന്നൈ: തനിക്ക് അകമ്പടി വാഹനങ്ങളുടെ നീണ്ടനിര വേണ്ടെന്ന് പൊലീസിനോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കര്‍ശനനിര്‍ദേശം. ഇതിനൊപ്പം മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ തടയരുതെന്നും നിര്‍ദേശമുണ്ട്.

താന്‍ കടന്നുപോകുന്ന വഴിയില്‍ ഒരു തരത്തിലും പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ഇതിന് ആവശ്യമായ നിര്‍ദേശം ട്രാഫിക് പൊലീസിന് നല്‍കണമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. നിലവില്‍ 12 വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകുന്നത്. ഇത് ആറായി ചുരുക്കാനാണ് സ്റ്റാലിന്റെ നിര്‍ദേശം.

തമിഴ്നാട് ചീഫ് സെക്രട്ടറി വി.ഇരൈയന്‍മ്പ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. പൊതുജനങ്ങളുടെ വാഹനഗതാഗതത്തെ ബാധിക്കാതെ തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ചയായി. നേരത്തെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഗതാഗതം തടസപ്പടുത്തരുതെന്ന് സ്റ്റാലിന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പൊലീസ് കര്‍ശനമായി പാലിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here