ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പടുത്തണമെന്ന് സുപ്രീംകോടതി . ലഖിംപൂർ ഖേരിയിൽ ഒക്ടോബർ മൂന്നിന് കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പുതിയ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ്. ആകെയുള്ള 68 സാക്ഷികളിൽ 30 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും ഇതിൽ 23 പേർ ദൃക്‌സാക്ഷികളാണെന്നും യുപി പൊലീസ് അറിയിച്ചു. നൂറുകണക്കിന് കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ നടന്ന സംഭവത്തിൽ 23 ദൃക്‌സാക്ഷികൾ മാത്രമേ ഉള്ളുവെന്നത് ആശ്ചര്യപ്പെടുത്തുന്നു എന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ മറുപടി.  

കൂടുതൽ ദൃക്‌സാക്ഷികളെ കണ്ടെത്തി രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ജസ്റ്റിസ് പറഞ്ഞു. തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും നടത്തണം. സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണം. കർഷകർക്കൊപ്പം മാധ്യമ പ്രവർത്തകനും മറ്റ് മൂന്നുപേരും കൊല്ലപ്പെട്ട സംഭവത്തിൽ യുപി പൊലീസ് പ്രത്യേക അന്വേഷണ പുരോഗതി റിപ്പോർട്ടുകൾ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ലഖിംപൂർ ഖേരി അന്വേഷിക്കണമെന്നും അത് അവസാനിക്കാത്ത കഥയായി മാറരുതെന്നും കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമർശം നടത്തിയിരുന്നു. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ 13 പേരെയാണ് ഇതുവരെ യുപി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സ്വമേധയാ കേസെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടൽ.

LEAVE A REPLY

Please enter your comment!
Please enter your name here