കോഴിക്കോട്​: ഇന്ത്യയിലെയും മിഡിൽ ഈസ്​റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ: പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. മസ്​തിഷ്കാഘാതത്തെ തുടർന്ന്​ ഡിസംബർ 11ന്​ ദുബൈ ഹെൽത്ത്​ കെയർ സിറ്റിയിലെ സിറ്റി ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തി​നെ തിങ്കളാഴ്​ച രാത്രി കോഴിക്കോട്​ മിംസിലേക്ക്​ മാറ്റിയിരുന്നു. ഇന്ന്​ രാവിലെ കോഴിക്കോട്​ മിംസ്​ ആശുപത്രിയിലാണ്​ മരണം.

ചന്ദ്രിക ഡയറക്ടർ, മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ സ്​ഥാപക വൈസ്​ ചെയർമാൻ, ​പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ്​ ഗ്രൂപ്പ്​ സ്​ഥാപക ചെയർമാൻ, ഇൻഡസ്​ മോ​ട്ടോർ കമ്പനി വൈസ്​ ചെയർമാൻ തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു.

1943 സെപ്​റ്റംബർ ആറിന്​ കാസർകോട്​ പള്ളിക്കരയിൽ അബ്​ദുല്ല ഹാജിയുടെയും ആയിശയുടയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ്​ ഗൾഫിലേക്ക്​ ചേക്കേറിയത്​.

പിന്നീട്​ ടെക്​സ്​റ്റൈൽ, ജ്വല്ലറി, ഗാർമൻറ്​സ്​ മേഖലയിൽ വിജയം വരിച്ചു. 1999ൽ പേസ്​ ഗ്രൂപ്പിലൂടെയാണ്​ വിദ്യാഭ്യാസ മേഖലയിലേക്ക്​ ചുവടുവെച്ചത്. ആയിരക്കണക്കിന്​ അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ്​ ഗ്രൂപ്പ്​ വളർന്നു. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഇന്ത്യ, യു.എ.ഇ, കുവൈത്ത്​ എന്നിവിടങ്ങളിലാണ്​ പേസ്​ ഗ്രൂപ്പിന്​ സ്ഥാപനങ്ങളുള്ളത്​.

കേരളത്തിൽ കണ്ണൂർ റിംസ്​ ഇൻറർനാഷനൽ സ്​കൂൾ, മഞ്ചേരി പേസ്​ റെസിഡൻഷ്യൽസ്​ സ്​കൂൾ എന്നിവയാണ്​ ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മംഗലാപുരത്ത്​ അഞ്ച്​ സ്ഥാപനങ്ങളുണ്ട്​.

മയ്യത്ത് 3.00 മണി വരെ കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റ്സിലെ വസതിയിൽ ഉണ്ടായിരിക്കും. ശേഷം 4.00 മണിക്ക് കോഴിക്കോട് മിനി ബൈപ്പാസിലെ സരോവരം സി. ഡി. ടവറിന് സമീപമുള്ള പള്ളിയിൽ മയ്യത്ത് നമസ്ക്കാരം നടക്കും.
ഖബറടക്കം മഞ്ചേരി വെട്ടെക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

LEAVE A REPLY

Please enter your comment!
Please enter your name here