ന്യൂ ഡൽഹി: കേരളത്തിൽ ഒഴിവ് വന്ന സീറ്റിൽ രാജ്യസഭ സ്ഥാനാർഥി ആരാകണമെന്നതിൽ കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ  വിട്ടുവീഴ്ചയില്ലാതെ മുതിർന്ന നേതാക്കൾ രംഗത്തുണ്ട് . ഹൈക്കമാണ്ട് കെട്ടി ഇറക്കുന്ന സ്ഥാനാർഥികളെ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യന്. ഈ സ്ഥാനത്തിനായി അർഹതയുള്ള നിരവധിപേർ കേരളത്തിൽ തന്നെ ഉണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

ദേശീയതലത്തിൽ നേതൃമാറ്റം അനിവാര്യമാണ്. ആ നിലപാടിൽ മാറ്റമില്ല. പ്രവർതതക  സമിതി യോഗത്തിൽ പ്രവർത്തന ശൈലിക്കെതിരെ അതൃപ്തി ഉയർന്നു. പാർട്ടി ഒരു ചെറു ഗ്രൂപ്പിന്റെ കൈയിലാണ്. പാർട്ടിയിൽ കൂട്ടായ തീരുമാനങ്ങളില്ല.  സോണിയ ഗാന്ധിയെ നിർജ്ജീവമാക്കുന്ന നടപടി പാർട്ടിയിലുണ്ട് . രാഹുൽഗാന്ധി ഒറ്റക്ക് തീരുമാനമെടുക്കുന്നത് ശരിയല്ല. സഖ്യ ചർച്ചകൾക്ക് പാർട്ടി മുന്നിട്ടിറങ്ങണമെന്നും പി ജെ കുര്യൻ പറഞ്ഞു.
 
 കോൺഗ്രസിൻറെ രാജ്യസഭാ സീറ്റ് സ്ഥാനാർത്ഥിയായി ആര് വരുമെന്നതിൽ അനിശ്ചിതത്വവും ചർച്ചയും തുടരുന്നതിനിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന്  ഗാന്ധിയെ കാണും. പട്ടികയിൽ ഹൈക്കമാൻഡ് ഇടപെട്ട് ശ്രീനിവാസൻ കൃഷ്ണൻറെ പേര് നിർദ്ദേശിച്ച സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം സോണിയയോട് നിലപാട് വ്യക്തമാക്കും.

തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണനെ ഹൈക്കമാൻഡ് നോമിനിയായി പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്നലെയാണ് കെപിസിസി നേതൃത്വത്തിന് നിർദേശം ലഭിച്ചത്. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബർട്ട് വരേരയുമായി  ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂർ സ്വദേശിയുമായ ശ്രീനിവാസൻ കൃഷ്ണൻറെ പേര് സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിർദേശിച്ചത്. ഈ വിഷയത്തിൽ സോണിയാ ഗാന്ധി അതൃപ്തി രേഖപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

എം ലിജു, ഷാനിമോൾ ഉസ്മാൻ, വി ടി ബൽറാം, സതീശൻ പാച്ചേനി, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. ലിജുവിനൊപ്പം കെ സുധാകരൻ ഇന്നലെ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. യുവാക്കൾക്ക് മുൻഗണന നൽകാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നും, എം ലിജു പരിഗണനയിലുള്ളയാളാണെന്നും കെ സുധാകരൻ പ്രതികരിക്കുകയും ചെയ്തു. പട്ടികയിൽ ചർച്ച തുടരുകയാണെന്നും അന്തിമരൂപമായിട്ടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.

ഇതിനിടെയാണ് ശ്രീനിവാസൻ കൃഷ്ണൻറെ പേര് ഹൈക്കമാൻഡിൻറെ ഭാഗത്ത് നിന്ന് ഉയർന്ന് വരുന്നത്. കേരളത്തിൽ നിന്ന് വിജയസാധ്യതയുള്ള ഒരു സീറ്റാണ് കോൺഗ്രസിനുള്ളത്. രണ്ട് ദിവസത്തിനകം ദേശീയനേതൃത്വം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്നാണ് കെ സുധാകരൻ വ്യക്തമാക്കിയത്. സീറ്റിനായി സി എം പി മുന്നണിയിൽ നിന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അത് പരിഗണിക്കേണ്ടതില്ലെന്ന് തന്നെയാണ് യുഡിഎഫ് തീരുമാനം. സിഎംപിയിൽ നിന്ന് സി പി ജോണിനെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം.

വനിതകളെ പരിഗണിക്കാൻ സാധ്യതയുണ്ടെങ്കിൽ ഷാനിമോൾ ഉസ്മാന് നറുക്ക് വീഴാനാണ് സാധ്യത. മുതിർന്ന നേതാക്കളായ കെ വി തോമസടക്കം സീറ്റിനായി ശ്രമം തുടരുന്നുണ്ട്. അത്തരം പല പേരുകളും പറഞ്ഞ് കേൾക്കുന്നുമുണ്ടെങ്കിലും സാധ്യത കുറവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here